പന്നിയംപാടത്ത് ടാങ്കർ ലോറി മറിഞ്ഞു



മുണ്ടൂർ പന്നിയംപാടം വളവില്‍ ടാങ്കര്‍ ലോറി മറിഞ്ഞു. ചൊവ്വ വൈകിട്ട് അഞ്ചിനാണ് അപകടം. ദേശീയ പാതയോരത്തെ മുരളീധരന്റെ വീടിന്റെ ഒരു ഭാഗവും വര്‍ക്ക്ഷോപ്പും ടാങ്കർ വീണ് തകർന്നു. ​ മംഗളുരുവിൽനിന്ന്‌ വാതകം നിറച്ച് കഞ്ചിക്കോട്ടേക്ക് പോകുന്ന ടാങ്കറാണ് അപകടത്തിൽപ്പെട്ടത്. ടാങ്കറില്‍നിന്ന് വാതകം ചോര്‍ന്നില്ല. ഡ്രൈവർ സദാനന്ദന് നിസാര പരിക്കേറ്റു. പാലക്കാട്–-കോഴിക്കോട് ദേശീയപാതയില്‍ വലിയ ​ഗതാ​ഗത കുരുക്കുണ്ടായി. ഹേമാംബിക നഗർ പൊലീസ് സ്ഥലത്തെത്തി ​ഗതാ​ഗതം വഴിതിരിച്ച് വിട്ടു. കോഴിക്കോട്, കോങ്ങാട്, ചെർപ്പുളശേരി ഭാഗത്തേക്കുള്ള വാഹനങ്ങൾ മുട്ടിക്കുളങ്ങര ജങ്ഷനില്‍നിന്ന് കമ്പ–- മുണ്ടൂർ കൂട്ടുപാതവഴിയാണ്‌ തിരിച്ച് വിട്ടത്.  സുരക്ഷാ മുന്‍കരുതലിന്റെ ഭാ​ഗമായി പ്രദേശത്ത് രാത്രി വൈദ്യുതി വിഛേദിച്ചു.  കലക്ടര്‍ മൃണ്‍മയി ജോഷി, എഡിഎം കെ മണികണ്ഠന്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. ബുധൻ രാവിലെ ടാങ്കര്‍ ഉയര്‍ത്തി മറ്റൊരു വാഹനത്തിലേക്ക് ​ഗ്യാസ് മാറ്റും. രാത്രി ​ഗ്യാസ് മറ്റൊരു വാഹ​നത്തിലേക്ക് മാറ്റുന്നത് സുരക്ഷാ ഭീഷണിയുണ്ടെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് രാവിലെ നടത്താന്‍ കലക്ടര്‍ നിര്‍ദേശം നല്‍കിയത്.  സ്ഥിരം അപകടമേഖലയായ പന്നിയംപാടം വളവില്‍ നിരവധി വാഹനങ്ങളാണ് വീഴുന്നത്. ടാങ്കറുകളും പലതവണ വീണിട്ടുണ്ട്. വളവ് നിവര്‍ത്തിയുള്ള ദേശീയപാത വികസനം നടക്കുമ്പോഴാണ് വീണ്ടും ടാങ്കര്‍ മറിഞ്ഞത്. താണാവ് മുതല്‍ കരിങ്കല്ലത്താണി വരെയുള്ള ദേശീയപാത വികസനം പൂര്‍ത്തിയാകുന്നതോടെ കുത്തനെയുള്ള ഇറക്കം ഇല്ലാതാവുകയും വളവ് നിവരുകയും ചെയ്യും. ഇതിന്റെ ഭാ​ഗമായുള്ള ജോലി പുരോ​ഗമിക്കുന്നു.   Read on deshabhimani.com

Related News