മില്ലുകാർ ഉടൻ കരാറൊപ്പിടും



പാലക്കാട്‌ ഒന്നാംവിള നെല്ല്‌ സംഭരണത്തിന്‌ തിങ്കളാഴ്ച സ്വകാര്യ അരിമില്ലുടമകൾ കരാർ ഒപ്പിട്ടേക്കും. പുതുക്കിയ കരാർ മില്ലുടമകൾക്ക്‌ കൈമാറും.  കഴിഞ്ഞ ദിവസം സപ്ലൈകോ അധികൃതർ തയ്യാറാക്കിയ കരാറിൽ, പ്രകൃതിദുരന്തങ്ങളുണ്ടായാൽ ഉത്തരവാദിത്വം സപ്ലൈകോയും മില്ലുകാരും തുല്യമായി ഏറ്റെടുക്കുകയെന്ന വ്യവസ്ഥ ഒഴിവാക്കിയിരുന്നു. ഇതിൽ മില്ലുകാർ പ്രതിഷേധം അറിയിച്ചിരുന്നു. പിന്നീട്‌, സിവിൽ സപ്ലൈസ്‌ മന്ത്രി ജി ആർ അനിൽ ഇടപെട്ട്‌ കരാറില്‍ വ്യവസ്ഥ  ഉൾപ്പെടുത്താൻ നിർദേശം നൽകി. കരാറിലെത്തുന്നതോടെ പാടം അനുവദിക്കുന്നതിനനുസരിച്ച്‌ സംഭരണവും തുടങ്ങും. കർഷകർക്ക്‌ വണ്ടിയിൽ നെല്ല്‌ കയറ്റാനുള്ള കൂലി, അരി വിതരണത്തിനുള്ള ചാക്ക്‌ എന്നിവ സപ്ലൈകോ നൽകും. രണ്ടു പ്രാവശ്യത്തെ പരിശോധനയ്‌ക്കുശേഷം മില്ലുടമകളിൽനിന്ന്‌ സംഭരിക്കുന്ന അരി സംബന്ധിച്ച് പിന്നീടുണ്ടാകുന്ന തർക്കങ്ങളിൽനിന്ന്‌ മില്ലുകാരെ ഒഴിവാക്കുക, വെള്ളപ്പൊക്കം, തീപിടിത്തം മുതലായ ദുരന്തങ്ങളുണ്ടായാൽ ഉത്തരവാദിത്വം സപ്ലൈകോയും മില്ലുകാരും തുല്യമായി ഏറ്റെടുക്കുക എന്നീ വിഷയങ്ങൾ ഉൾപ്പെടുത്തി കരാർ പുതുക്കുമെന്ന്‌ മന്ത്രി നേരത്തേ ഉറപ്പുനൽകിയിരുന്നു. ജില്ലയിൽ ഒന്നാം വിളയ്‌ക്ക്‌ ഇതേവരെ 58,633 കർഷകർ രജിസ്‌റ്റർ ചെയ്‌തു. ഇത്തവണ ഒന്നര ലക്ഷം മെട്രിക്‌ ടണ്ണാണ്‌ പ്രതീക്ഷിക്കുന്നത്‌. നിലവിൽ സംഭരിച്ച നെല്ലിന്റെ തുക കൊടുക്കാൻ നടപടി ആരംഭിച്ചു. കേരള ബാങ്ക്‌ ഉൾപ്പെടെ പ്രധാന ബാങ്കുകളെല്ലാം വില വിതരണവുമായി സഹകരിക്കുന്നു. Read on deshabhimani.com

Related News