കുതിച്ച്‌ പച്ചക്കറി വില



  പാലക്കാട്‌ തമിഴ്‌നാട്ടിൽ നിന്നുള്ള വരവ്‌ കുറഞ്ഞതോടെ ജില്ലയിൽ പച്ചക്കറി വില ഉയർന്നു. തമിഴ്‌നാട്ടിൽ രണ്ടാം വിളവെടുപ്പ്‌  നടക്കാത്തതും കോവിഡ്‌ വ്യാപിച്ചതുമാണ്‌ വരവ്‌ കുറയാൻ കാരണം. വിൽപ്പന കുറവായതിനാൽ കച്ചവടക്കാർ കൂടുതൽ പച്ചക്കറി‌ ശേഖരിക്കുന്നില്ല.  ഓണക്കാലത്തേക്കാൾ പത്തു മുതൽ 20 ശതമാനം വരെ വില പച്ചക്കറിക്ക്‌ വർധിച്ചു. 20 രൂപയ്‌ക്ക്‌ വിറ്റിരുന്ന സവാളയ്ക്ക്‌ 40 മുതൽ 50 വരെയാണ്‌ വില. പച്ചമുളകു‌വില കുതിച്ച്‌ 60ൽ എത്തി. പയറിന്‌‌ 45 മുതൽ 65 വരെയും പാവക്കയ്‌ക്ക്‌ 40 മുതൽ 70 വരെയും വിലയുണ്ട്‌. ഒരു മാസം മുമ്പ്‌ 10–-15 രൂപയ്ക്ക്‌ വിറ്റിരുന്ന തക്കാളിക്ക്‌ 44 രൂപയായി. ചെറിയ ഉള്ളിയ്‌ക്ക്‌ 62, വഴുതനങ്ങയ്‌ക്കും ഇഞ്ചിക്കും ഉരുളക്കിഴങ്ങിനും 40 എന്നിങ്ങനെ രണ്ടാഴ്‌ചയ്‌ക്കിടെ 20 ശതമാനം വില കൂടി. ക്യാരറ്റ്‌ വില കുതിച്ചുയർന്ന്‌ 70ൽ എത്തി‌. ജില്ലയിലെ പ്രധാന വ്യാപാര കേന്ദ്രമായ വലിയങ്ങാടി അടച്ചതോടെ പച്ചക്കറി വരവിൽ ഗണ്യമായ കുറവുണ്ട്‌. ചെറുകിട കച്ചവടക്കാർ കൊടുവായൂർ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ നിന്ന്‌ വലിയ ഗതാഗതച്ചെലവ്‌ കൊടുത്താണ്‌‌ പച്ചക്കറി എത്തിക്കുന്നത്‌. രണ്ടാഴ്‌ച കഴിഞ്ഞാൽ തമിഴ്‌നാട്ടിൽ വിളവെടുപ്പ്‌ നടക്കും. അതോടെ കൂടുതൽ പച്ചക്കറി എത്തുമെന്ന്‌ പാലക്കാട്‌ വലിയങ്ങാടിയിലെ കച്ചവടക്കാർ പറയുന്നു. മാർക്കറ്റ്‌ അടയ്‌ക്കുന്നതിന്‌ മുമ്പുതന്നെ കച്ചവടം കുറഞ്ഞതിനാൽ സ്‌റ്റോക്ക്‌ ചെയ്യുന്നുണ്ടായിരുന്നില്ല. വന്ന വാഹനങ്ങളെ തിരിച്ചുവിട്ടു. മഴ ആയതിനാൽ മാർക്കറ്റിനു പുറത്തുപോലും കച്ചവടം സാധിക്കില്ല. മാത്രമല്ല, എല്ലാവരും കോവിഡ്‌ ഭീതിയിലുമാണ്‌. ബുധനാഴ്‌ചവരെയാണ്‌ വലിയങ്ങാടി അടച്ചത്‌. പച്ചക്കറിക്കടകൾ‌ തുറക്കാൻ പ്രത്യേക അനുമതി ആവശ്യപ്പെട്ട്‌ വ്യാപാരികളുടെ സംഘടനകൾ തിങ്കളാഴ്‌ച കലക്ടറെ കാണും. നഷ്ടം സഹിച്ചാണ്‌ മുന്നോട്ടു പോകുന്നതെന്ന്‌‌ പാലക്കാട്‌ സുൽത്താൻപേട്ടയിൽ പച്ചക്കറി കച്ചവടം നടത്തുന്ന രവി പറയുന്നു. കൊടുവായൂരിൽനിന്ന്‌ ഓട്ടോറിക്ഷയിലാണ്‌ പച്ചക്കറി എത്തിച്ചത്‌. തരംതിരിച്ചും തിരഞ്ഞും നല്ലത്‌ നോക്കി എടുക്കാൻ പറ്റുന്നില്ല. അതുകൊണ്ടുതന്നെ കേടായ പച്ചക്കറി നിരവധിയുണ്ടായിരുന്നു. വലിയ വില കൊടുത്തിട്ടും‌ അവസ്ഥ ഇതാണെന്ന്‌ രവി പറയുന്നു. Read on deshabhimani.com

Related News