ചികിത്സാകേന്ദ്രങ്ങൾ നിറയുന്നു



  പാലക്കാട്‌ കോവിഡ്‌ വ്യാപിക്കുന്നതോടെ ജില്ലയിലെ ചികിത്സാകേന്ദ്രങ്ങൾ രോഗികളെക്കൊണ്ട്‌ നിറയുന്നു. ജില്ലാ ആശുപത്രിയിലും ഏഴ്‌ ഫസ്‌റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ്‌ സെന്ററിലും കോവിഡ്‌ രോഗികൾക്കായി ഒരുക്കിയ കിടക്കകളിൽ 80 ശതമാനത്തോളം നിറഞ്ഞു. നിലവിൽ 2,046 പേരാണ്‌‌ ചികിത്സയിലുള്ളത്‌.  വരും ദിവസങ്ങളിലും രോഗികളുടെ എണ്ണം വൻതോതിൽ വർധിച്ചാൽ തദ്ദേശ സ്ഥാപനങ്ങൾക്കുകീഴിൽ ഒരുക്കിയ ഫസ്‌റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ്‌ സെന്ററുകൾ തുറക്കേണ്ടിവരും. വീട്ടിലെ ചികിത്സയും പ്രോത്സാഹിപ്പിക്കേണ്ടി വരും. ഏറ്റവും വലിയ ഫസ്‌റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ്‌ സെന്ററായ‌ കഞ്ചിക്കോട്‌ കിൻഫ്ര കെട്ടിടത്തിൽ 890 കിടക്കകളാണുള്ളത്‌. ഇവിടെ 450 രോഗികളെ പ്രവേശിപ്പിച്ചു. 250 രോഗികൾക്കുള്ള ആരോഗ്യപ്രവർത്തകരെയാണ്‌ ഇവിടെ‌ ആദ്യഘട്ടത്തിൽ നൽകിയത്‌. പുതിയ സാഹചര്യത്തിൽ കൂടുതൽ പേരെ നിയോഗിക്കും. മാങ്ങോട്‌ കേരള മെഡിക്കൽ കോളേജിൽ 300 രോഗികളുണ്ട്‌. ഇവിടെ ആരംഭിച്ച സെക്കൻഡ്‌ ‌ലൈൻ ട്രീറ്റ്‌മെന്റ്‌ സെന്ററിൽ കാറ്റഗറി ബി വിഭാഗത്തിലെ 50 രോഗികളെ പ്രവേശിപ്പിച്ചു. പ്രവേശിപ്പിക്കാവുന്ന രോഗികളുടെ എണ്ണം പരമാവധിയോട്‌ അടുത്തു. പട്ടാമ്പി ഗവ. സംസ്‌കൃത കോളേജിലെ സയൻസ്‌ ബ്ലോക്കിൽ കിടക്കകളുടെ എണ്ണം 250ൽനിന്ന്‌ 450 ആയി ഉയർത്തിയിരുന്നു‌. ഇവിടെ 319 രോഗികളുണ്ട്‌.   പെരിങ്ങോട്ടുകുറുശി മോഡൽ റെസിഡൻഷ്യൽ സ്‌കൂളിൽ 200ആണ്‌ പരമാവധിശേഷി. 170 രോഗികളുണ്ട്‌. പാലക്കാട്‌ ഗവ. വിക്‌ടോറിയ കോളേജിലെ പെൺകുട്ടികളുടെ ഹോസ്‌റ്റലിലെ 165 കട്ടിലിൽ 147 എണ്ണത്തിൽ രോഗികളെത്തി.  വിക്‌ടോറിയ കോളേജിലെ ആൺകുട്ടികളുടെ ഹോസ്‌റ്റലിൽ 170 കിടക്കയാണുള്ളത്‌. രോഗികൾ 153. പാലക്കാട്‌ മെഡിക്കൽ കോളേജിലെ 100 കിടക്ക സെക്കൻഡ്‌‌ ലൈൻ ട്രീറ്റ്‌മെന്റ്‌ സെന്ററാക്കി മാറ്റി.  ജില്ലാ ആശുപത്രിയിലെ രോഗലക്ഷണമുള്ള കുറച്ചുപേരെ ഇവിടേക്ക്‌ മാറ്റും. ഇവിടെയും പരമാവധി രോഗികളായി.  തീവ്രപരിചരണം ആവശ്യമുള്ള രോഗികളെ പ്രവേശിപ്പിക്കുന്ന ജില്ലാ ആശുപത്രിയിൽ 200 കിടക്കകളാണുള്ളത്‌. 192 രോഗികളുണ്ട്‌. സ്‌ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയും നിറഞ്ഞു.  Read on deshabhimani.com

Related News