കെ റെയിൽ സമയബന്ധിതമായി നടപ്പാക്കണം

കെഎസ്‌കെടിയു സംസ്ഥാന സമ്മേളന പ്രതിനിധികൾ


പാലക്കാട്‌  (ടി ചാത്തുനഗർ) കേരളത്തിന്റെ ഭാവി വികസനത്തിന് ഒഴിച്ചുകൂടാനാവാത്ത കെ റെയിൽ പദ്ധതി സമയബന്ധിതമായി നടപ്പാക്കണമെന്ന്‌ കെഎസ്‌കെടിയു സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. തിരുവനന്തപുരം മുതൽ കാസർകോട് വരെ  നാല്‌ മണിക്കൂറിനുള്ളിൽ എത്തിച്ചേരാൻ സൗകര്യമൊരുക്കുന്ന പദ്ധതിയാണിത്.  പ്രകൃതി സൗഹൃദവും ചെലവുകുറഞ്ഞതുമായ അതിവേഗ ഗതാഗത സംവിധാനമായ സെമി സ്പീഡ് ട്രെയിൻ പശ്ചാത്തല സൗകര്യ വികസന രംഗത്ത് വൻകുതിപ്പ് സൃഷ്ടിക്കും. ഇതുവഴി  കൂടുതൽ നിക്ഷേപം സംസ്ഥാനത്തേക്ക്‌ വരുന്നതിന് വഴിയൊരുക്കും.    പദ്ധതിയുടെ കാര്യത്തിൽ സർക്കാരിന് സുതാര്യമായ സമീപനമാണുള്ളത്. ഏറ്റവും ആധുനിക സാങ്കേതിക വിദ്യയായ ലിഡാർ ഉപയോഗിച്ച് സർവേ പൂർത്തിയാക്കി. ഭൂമി ഏറ്റെടുക്കലിന് നിയമങ്ങളും ചട്ടങ്ങളും മാർഗനിർദേശങ്ങളും പാലിച്ച്‌ അർഹമായ നഷ്ടപരിഹാരം സമയബന്ധിതമായി നൽകും.  പാത കടന്നുപോകുന്ന 11 ജില്ലകളിലെ ആരാധനാലയങ്ങൾ, പാടശേഖരങ്ങൾ, കാവുകൾ ഇവയെല്ലാം പരമാവധി സംരക്ഷിക്കുന്നു. വീടുകൾ ഉൾപ്പെടെ 9,314 കെട്ടിടങ്ങളെ മാത്രം ബാധിക്കുന്ന ജനസാന്ദ്രത കുറഞ്ഞ പ്രദേശങ്ങളിലൂടെയാണ് പദ്ധതി നിശ്ചയിച്ചിരിക്കുന്നത്. സമാനതകളില്ലാത്ത നഷ്ടപരിഹാര തുകയാണ് സർക്കാർ  നിശ്ചയിച്ചിരിക്കുന്നത്. 115 കിലോമീറ്റർ പാടശേഖരങ്ങളിൽ 88 കിലോമീറ്റർ ആകാശപ്പാതയാണ്‌.  കൃഷിഭൂമിക്ക് കോട്ടം തട്ടാതിരിക്കാനുള്ള ജാഗ്രതയാണ് ഇതിലൂടെ പ്രകടിപ്പിച്ചിരിക്കുന്നത്. ജലാശയങ്ങളും തണ്ണീർത്തടങ്ങളും സംരക്ഷിക്കാനുള്ള പദ്ധതികളും ആവിഷ്‌കരിച്ചിട്ടുണ്ട്. 63,941 കോടി രൂപയുടെ ചെലവാണ് കെ റെയിലിനായി പ്രതീക്ഷിക്കുന്നത്.  1,383 ഹെക്ടർ ഭൂമി പുനരധിവാസത്തിനുൾപ്പെടെ ആവശ്യമായി വരിക. ഇതിൽ 1,198 ഹെക്ടർ സ്വകാര്യഭൂമിയാണ്.   കേന്ദ്ര റെയിൽ ആസൂത്രണത്തിൽ ഉൾക്കൊള്ളിച്ച പദ്ധതിക്ക് കേന്ദ്ര സഹായം നിഷേധിക്കുന്നു. പദ്ധതിയുടെ മുഴുവൻ ബാധ്യതയും സംസ്ഥാനത്തിനുമേൽ കെട്ടിവയ്ക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. കടം എടുക്കാനുള്ള സംസ്ഥാനത്തിന്റെ അവകാശത്തെ പോലും നിയന്ത്രിക്കുന്നു.  കെ റെയിൽ പദ്ധതി യാഥാർഥ്യമാക്കാൻ സർക്കാരിന് ശക്തമായ പിന്തുണ നൽകണം. കള്ളപ്രചാരണങ്ങളെ തുറന്നുകാട്ടി  കെ റെയിലിന്റെ സഞ്ചാരം സമയബന്ധിതമായി സാധ്യമാക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. Read on deshabhimani.com

Related News