വീട്ടമ്മയെ കെട്ടിയിട്ട്‌ സ്വർണവും പണവും 
കവർന്ന കേസിൽ 4 പേര്‍ അറസ്റ്റില്‍



 പാലക്കാട്‌ പട്ടാപ്പകൽ നഗരത്തിലെ വീട്ടിൽ അതിക്രമിച്ചുകയറി വീട്ടമ്മയെ കെട്ടിയിട്ട്‌ സ്വർണവും പണവും കവർന്നകേസിൽ നാലുപേർ അറസ്റ്റിൽ. സ്വർണം വിൽക്കാൻ സഹായിച്ച വടവന്നൂർ കൂത്തൻപാക്കം വീട്ടിൽ സുരേഷ് (34),  വിജയകുമാർ (42), നന്ദിയോട് അയ്യപ്പൻചള്ള വീട്ടിൽ റോബിൻ (31), വണ്ടിത്താവളം പരുത്തിക്കാട്ടുമട പ്രദീപ് (38) എന്നിവരെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. മോഷണത്തിൽ നേരിട്ട് പങ്കാളിയായ മൂവർ സംഘത്തെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. പിടിയിലായവരിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ മോഷ്ടാക്കളെ ഉടൻ പിടികൂടുമെന്ന് പൊലീസ് പറഞ്ഞു. മാർച്ച്‌ 13നാണ് മോഷണം നടന്നത്. 57 പവൻ സ്വർണവും ഒന്നര ലക്ഷം രൂപയുമാണ് ബൈക്കിലെത്തിയ സംഘം കവർന്നത്.  കൽമണ്ഡപം പ്രതിഭാനഗറിൽ അൻസാരിയുടെ ഭാര്യ ഷെഫീനയാണ് ആക്രമണത്തിനിരയായത്. ഷെഫീനയെ കത്തിക്കാട്ടി ഭീഷണിപ്പെടുത്തി തുണിവായിൽ തിരുകികയറുകൊണ്ട്‌ കെട്ടിയിട്ടായിരുന്നു മോഷണം. സ്വർണം 18,55,000- രൂപയ്ക്ക് കോയമ്പത്തൂരിലുളള സേട്ടുവിന് വിറ്റതായി പിടിയിലായവർ സമ്മതിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കസബ ഇൻസ്പെക്ടർ എൻ എസ് രാജീവ്, സബ്ഇൻസ്പെക്ടർമാരായ സി കെ രാജേഷ്, എ രംഗനാഥൻ, കെ ജലീൽ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ കെ ശിവാനന്ദൻ, പി നിഷാദ്, എം രാജീദ്, കെ മാർട്ടിൻ, സിവിൽ പൊലീസ് ഓഫീസർ പി ജയപ്രകാശ്, നോർത്ത് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർമാരായ കെ രതീഷ്, പി രഘു എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.   Read on deshabhimani.com

Related News