അയിലൂരിൽനിന്ന്‌ ദേശീയ നേട്ടവുമായി ലുലു



  കൊല്ലങ്കോട്    അഖിലേന്ത്യാ മെഡിക്കൽ പ്രവേശന നേട്ടത്തിന്റെ ആഹ്ലാദത്തിലാണ് അയിലൂർ സ്വദേശികൾ. അടിപ്പെരണ്ട സ്വദേശിനി എ ലുലുവാണ്‌ ദേശീയ തലത്തിൽ 720 മാർക്കിൽ 706 മാർക്കുമായി സംസ്ഥാനതലത്തിൽ 27 –-ാം സ്ഥാനം നേടിയത്‌. ഒബിസി വിഭാഗത്തിൽ  മൂന്നാം റാങ്കും‌ ലഭിച്ചു‌.  അടിപ്പെരണ്ട കെഎകെ മൻസിലിൽ പരേതനായ അബ്ദുൽ ഖാദർ ഹാജിയുടെയും മെഹറുന്നിസയുടെയും മകളാണ്.  എസ്എസ്എൽസിക്ക് മുഴുവൻ വിഷയങ്ങൾക്ക് എ പ്ലസും പ്ലസ്ടുവിന് 1200 ൽ 1200 മാർക്കും കരസ്ഥമാക്കിയിട്ടുണ്ട്‌. കലോത്സവത്തിലും ശാസ്ത്രോത്സവത്തിലും മികച്ച വിജയം നേടി. മദ്രസ വിദ്യാഭ്യാസത്തിലെ പൊതു പരീക്ഷകളിൽ സംസ്ഥാനതലത്തിൽ എട്ടാം റാങ്കും ലഭിച്ചു.  സംസ്ഥാന എൻജിനിയറിങ്‌ പ്രവേശന പരീക്ഷയായ കീമിൽ  1102 –--ാം റാങ്കും ഫാർമസി പ്രവേശന പരീക്ഷയിൽ എഴുപത്തി രണ്ടാം റാങ്കും നേടി.  സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ഹിന്ദി കവിതാരചനയിൽ എ ഗ്രേഡും ഹിന്ദി ഉപന്യാസ രചനയിൽ സംസ്ഥാനതലത്തിൽ ബി പ്ലസും,  ഹിന്ദി കഥാരചനയിൽ സംസ്ഥാനതലത്തിൽ എ ഗ്രേഡും ജില്ലാതലത്തിൽ ഒന്നാം സ്ഥാനവും ലഭിച്ചിട്ടുണ്ട്‌.  അഖിലേന്ത്യാ എൻജിനിയറിങ് എൻട്രൻസ് പ്രാഥമിക പരീക്ഷയായ ജെഇഇയിൽ 96 ശതമാനം മാർക്ക്‌ നേടിയ ലുലു പ്ലസ്ടുവിൽ നാഷണൽ സർവീസ് സ്കീം വളണ്ടിയറായിരുന്നു.  പത്തുവരെ കരിമ്പാറ എംഇഎസ് സ്കൂളിലും പ്ലസ്ടുവിന് നെന്മാറ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലുമാണ് പഠിച്ചത്. പാലാ ബ്രില്യന്റ് എൻട്രൻസ് കോച്ചിങ്‌ സെന്ററിലായിരുന്നു തുടർപഠനം. കെ ബാബു എംഎൽഎ, അയിലൂർ പഞ്ചായത്ത് പ്രസിഡന്റ് കെ സുകുമാരൻ, അടിപ്പെരണ്ട മഹല്ല് ഭാരവാഹികൾ എന്നിവർ അഭിനന്ദിച്ചു. സഹോദരങ്ങൾ: നിഹ്മുനീസ, സുബഹ്.     Read on deshabhimani.com

Related News