നവം. 3നു സിപിഐ എം പ്രക്ഷോഭം



  വടക്കഞ്ചേരി വടക്കഞ്ചേരി–-മണ്ണുത്തി ദേശീയപാതയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം നേതൃത്വത്തിൽ നവംബർ മൂന്നി-ന് പ്രക്ഷോഭം നടത്തും. പാലക്കാട്, തൃശൂർ ജില്ലാ കമ്മിറ്റികൾ സംയുക്തമായാണ് സമരം സംഘടിപ്പിക്കുക. പകൽ 11-ന് വടക്കഞ്ചേരി മുതൽ പട്ടിക്കാട്‌ വരെയാണ്‌ സമരം. 50 മീറ്റർ ഇടവിട്ട്‌ അഞ്ചുപേർ വീതം പങ്കെടുത്താണ്‌ സമരം.  പട്ടിക്കാട്‌ മുതൽ വാണിയമ്പാറ വരെ സിപിഐ എം തൃശൂർ ജില്ലാ കമ്മിറ്റിയും വാണിയമ്പാറ മുതൽ വടക്കഞ്ചേരി വരെ പാലക്കാട്‌ ജില്ലാ കമ്മിറ്റിയും നേതൃത്വം നൽകും. തൃശൂർ ജില്ലയിൽ മണ്ണുത്തി ഏരിയ കമ്മിറ്റി കേന്ദ്രീകരിച്ചും പാലക്കാട്‌ ജില്ലയിൽ വടക്കഞ്ചേരി ഏരിയ കമ്മിറ്റി കേന്ദ്രീകരിച്ചുമാണ്‌ ജനങ്ങളെ അണിനിരത്തുക.  രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത് കരാർ ഏൽപ്പിച്ച്‌ 2010-ൽ പണി ആരംഭിച്ച ദേശീയപാത ഇന്നും ദുരന്തപാതയാണ്. വടക്കഞ്ചേരി മുതൽ മണ്ണുത്തി വരെ ആറുവരിപാത നിർമാണവും കുതിരാനിൽ തുരങ്കനിർമാണവുമാണ് പദ്ധതി ലക്ഷ്യമിടുന്നത്‌. നിർമാണം ആരംഭിച്ച് പത്തുവർഷം പിന്നിട്ടിട്ടും റോഡ് പണി പൂർത്തിയായില്ല. നിരവധി യാത്രക്കാരുടെ ജീവൻ ദേശീയപാതയുടെ തകർച്ചയെ തുടർന്ന് പൊലിഞ്ഞു. മണിക്കൂറുകളുടെ ഗതാഗതക്കുരുക്കുമുണ്ട്‌‌.  കരാർ കമ്പനിയുടെ അനാസ്ഥയിൽ നിർമാണം പൂർണമായി നിലച്ചു. എന്നിട്ടും കരാർ ലംഘിച്ച കമ്പനിക്കെതിരെ നടപടിയെടുക്കാൻ ദേശീയപാതാ അതോറിറ്റിയോ കേന്ദ്ര സർക്കാരോ തയ്യാറല്ല. കുതിരാൻ തുരങ്കത്തിന്റെയും സ്ഥിതി വ്യത്യസ്‌തമല്ല. തുരങ്ക നിർമാണത്തിന്‌ ഉപകരാർ നൽകിയ കമ്പനിക്ക് ദേശീയപാത കരാർ കമ്പനി അധികൃതർ കോടികൾ കുടിശ്ശിക നൽകാനുണ്ട്‌. തുടർന്ന് അതിന്റെയും പണി മുടങ്ങി. വടക്കഞ്ചേരി–-മണ്ണുത്തി ദേശീയപാതയുടെ നിർമാണം ഉടൻ ആരംഭിക്കണം. അല്ലെങ്കിൽ കരാർ കമ്പനിയായ കെഎംസിയെ കരിമ്പട്ടികയിൽപ്പെടുത്തണം. കരാർ റദ്ദ് ചെയ്ത് പുതിയ കമ്പനിക്ക് നൽകാനും തയ്യാറാകണം.  ദേശീയപാതയുടെ ശോച്യാവസ്ഥയ്‌ക്ക് പരിഹാരമാവുന്നതു വരെ തുടർസമരവുമായി മുന്നോട്ടുപോകുമെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ പറഞ്ഞു. Read on deshabhimani.com

Related News