ഉറപ്പാണ്‌ ‘ലൈഫ്’

പറളി എടത്തറ കിഴക്കേക്കളം ജയന്തിയും ഭർത്താവ് പ്രകാശനും മക്കളും ലൈഫിൽ നിർമിച്ച വീടിന് മുന്നിൽ


പാലക്കാട് ‘മഴ പെയ്താൽ കട്ടിലിനടിയിൽ വെള്ളം കയറുമായിരുന്നു. മൺചുമരുള്ള വീട്ടിൽനിന്ന് ഉറപ്പുള്ള വീട്ടിലേക്ക് മാറുമ്പോൾ സന്തോഷവും സമാധാനവുമുണ്ട്‌.’  ‘ലൈഫ്' ഒരുക്കിത്തന്ന സർക്കാരിന്‌ നന്ദി പറയുകയാണ്‌ പറളി എടത്തറയിലെ ജയന്തിയും പ്രകാശനും. പിണറായി സർക്കാരിന്റെ ലൈഫ് ഭവന പദ്ധതിയിൽ അനുവദിച്ച നാലുലക്ഷംരൂപ ഉപയോഗിച്ച് എടത്തറ കിഴക്കേക്കളത്തിൽ‌ വീട്‌ നിർമാണം പൂർത്തിയാക്കി താമസം ആരംഭിച്ചു. പാലക്കാട് നഗരസഭാ പരിധിയിലെ മേപ്പറമ്പിലാണ്‌  നേരത്തേ താമസിച്ചിരുന്നത്‌.   സ്ഥലമുള്ളവർക്ക് വീട്‌ പണിയാൻ ആനുകൂല്യം ലഭിക്കുന്ന ലൈഫ് പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ അപേക്ഷ നൽകി. സ്ഥലം പറളി പഞ്ചായത്തിൽ ആയതിനാൽ അപേക്ഷ അവിടേക്ക് മാറ്റി. പഞ്ചായത്ത് അപേക്ഷ പരിശോധിച്ച് വീട്‌ പണിയാൻ നടപടി സ്വീകരിച്ചു. തുക പാസായി ഒന്നരവർഷത്തിനകം മുഴുവൻ പണിയും പൂർത്തിയാക്കി. അഞ്ചിലും രണ്ടിലും പഠിക്കുന്ന ആൺമക്കൾക്കൊപ്പം ഇവർ പുതിയ വീട്ടിൽ താമസം തുടങ്ങും.  ലൈഫ് മിഷൻ പദ്ധതിയിൽ ജില്ലയിൽ നിർമിച്ച 1,104 വീടുകളുൾപ്പെടെ സംസ്ഥാനത്ത് നിർമിച്ച 10,000 വീടുകളുടെ പൂർത്തീകരണപ്രഖ്യാപനം ഓൺലൈനിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. തദ്ദേശതലത്തിൽ ജനപ്രതിനിധികളെയും ഗുണഭോക്താക്കളെയും കുടുംബാംഗങ്ങളെയും ഉൾപ്പെടുത്തി നിർമാണം പൂർത്തിയാക്കിയ വീടുകളുടെ പ്രഖ്യാപനവും നടന്നു.  ജില്ലയിൽ 1,104 വീട്‌ നിർമാണം പൂർത്തിയായവയിൽ രണ്ടാംഘട്ടം 616 വീട്‌ നിർമിച്ചു. പൊതുവിഭാഗത്തിൽ 496 വീടും പട്ടികജാതിവിഭാഗത്തിൽ 119, പട്ടികവർഗവിഭാഗത്തിൽ -ഒരു വീടും നിർമിച്ചു. മൂന്നാംഘട്ടം 423 വീട്‌ നിർമിച്ചു. പൊതുവിഭാഗത്തിൽ 275 വീടും പട്ടികജാതി വിഭാഗത്തിൽ 137, പട്ടികവർഗ വിഭാഗത്തിൽ 11 വീടും നിർമിച്ചു. Read on deshabhimani.com

Related News