മലബാര്‍ മേഖലയില്‍ കെടിഡിസി 
പ്രവര്‍ത്തനം വിപുലമാക്കും: പി കെ ശശി

കെടിഡിസി ചെയർമാൻ 
പി കെ ശശി ‘ മീറ്റ്‌ ദ പ്രസിൽ’ സംസാരിക്കുന്നു


പാലക്കാട്‌ മലബാര്‍ മേഖലയില്‍ കെടിഡിസി ശൃംഖല വിപുലീകരിക്കുമെന്ന്  ചെയർമാൻ പി കെ ശശി പറഞ്ഞു. പാലക്കാട്‌ പ്രസ്‌ ക്ലബ്ബിൽ  ‘മീറ്റ്‌ ദ പ്രസിൽ’ സംസാരിക്കുകയായിരുന്നു അദ്ദേഹം.    കോര്‍പ്പറേഷനെ ജനകീയമാക്കും. സമൂഹത്തിന്റെ മേൽത്തട്ടിലുള്ളവർക്ക്‌ മാത്രമുള്ളതാണ് വിനോദസഞ്ചാരമെന്ന  ധാരണ മാറ്റണം. ഈ ലക്ഷ്യ സാക്ഷാൽക്കാരത്തിന്‌ ‘ആഹാർ പദ്ധതി’ വിപുലീകരിക്കും.  സാധാരണക്കാർക്കുകൂടി പ്രാപ്യമാകുന്ന വിധം കുറഞ്ഞ ചെലവിൽ  ഭക്ഷണം ലഭ്യമാക്കും.  സഞ്ചാരികൾക്ക്‌ യാത്രാസൗകര്യം ഒരുക്കും. അതോടൊപ്പം ദേശീയ, സംസ്ഥാന പാതയോരങ്ങളിലെ സർക്കാർഭൂമിയിലെ അനധികൃത കൈയേറ്റം ഒഴിപ്പിച്ച്‌ കെടിഡിസി ഏറ്റെടുക്കും. ഈ സ്ഥലങ്ങളിൽ വാഹന പാർക്കിങ്, ശുചിമുറി‌, മുലയൂട്ടൽസൗകര്യം, സ്‌നാക്‌ ബാർ എന്നിവ ഒരുക്കും.  സാധ്യമായ ടൂറിസം പദ്ധതികൾ ഏറ്റെടുക്കും.   പുറംലോകമറിയാത്ത നിരവധി  വിനോദസഞ്ചാര കേന്ദ്രങ്ങളുണ്ട്‌. ഇവ  പ്രയോജനപ്പെടുത്തിയാൽ  ഈ മേഖലയിൽ മുന്നേറ്റമുണ്ടാക്കാനാകും. ഉത്തരവാദിത്ത വിനോദസഞ്ചാരവും  ഫ്‌ളോട്ടിങ് റസ്‌റ്ററന്‍റും പ്രോത്സാഹിപ്പിക്കും. പരമ്പരാഗത കലകൾ, അനുഷ്‌ഠാനങ്ങൾ, ഉത്സവങ്ങൾ എന്നിവ  ഈ മേഖലയ്‌ക്ക്‌ സഹായകമാകുംവിധം പ്രയോജനപ്പെടുത്തും. ഇവിടെ നിർമിക്കുന്ന കരകൗശല വസ്‌തുക്കൾ ഇടനിലക്കാരില്ലാതെ  സഞ്ചാരികളുടെ കൈകളിലേക്ക്‌ എത്തിക്കും. കള്ളുചെത്ത്‌ വ്യവസായം ഉൾപ്പെടെ വിനോദ സഞ്ചാരമേഖലയ്ക്ക് ഉപയോഗിക്കാം. പൊതുമരാമത്ത്‌ വകുപ്പിന്റെ ഏതാനും അതിഥിമന്ദിരങ്ങൾ കെടിഡിസി‌ക്ക്‌ കൈമാറാൻ ആവശ്യപ്പെട്ടിട്ടുണ്ട്‌. മലമ്പുഴ, തിരുനെല്ലി കെടിഡിസി കേന്ദ്രങ്ങൾ നന്നാക്കും.  വിനോദസഞ്ചാരമേഖല വികസിപ്പിച്ചാൽ കൂടുതൽ തൊഴിലവസരം സൃഷ്ടിക്കപ്പെടും. ചില പദ്ധതികൾ സംബന്ധിച്ച്‌ വിനോദസഞ്ചാരവകുപ്പ്‌ മന്ത്രിയുമായി ചർച്ച ചെയ്‌തിട്ടുണ്ടെന്നും 23ന്‌ ചേരുന്ന ഉന്നതതല യോഗത്തിൽ കെടിഡിസിയുടെ വിപുലമായ വികസനം ചർച്ച ചെയ്യുമെന്നും പി കെ ശശി പറഞ്ഞു. പ്രസ് ക്ലബ്ബ്‌ പ്രസിഡന്റ്‌ അബ്‌ദുൾ ലത്തീഫ്‌ നഹ അധ്യക്ഷനായി. സെക്രട്ടറി മധുസൂദനൻ കർത്ത സംസാരിച്ചു. Read on deshabhimani.com

Related News