അമ്മയുടെയും മകന്റെയും മൃതദേഹം മെഡി. കോളേജിന്‌ മാതൃകയാണ്‌ പിഷാരംവീട്‌



പാലക്കാട്‌ ‘ഞങ്ങളുടെ വഴിയേ ഒരാളെങ്കിലും ഈ സൽ‌ക്കർമത്തിലേക്ക്‌ കടന്നുവരുമെന്ന്‌ പ്രതീക്ഷിക്കുന്നു. മരണത്തിലും മാതൃകയാകാൻ കഴിയുമെന്നാണ്‌ വിശ്വാസം. ജീവനില്ലാത്ത ശരീരം പഠിതാക്കൾക്ക്‌ ഉപയോഗപ്പെടട്ടെ.’  കൂറ്റനാട്‌ ചാലിശേരി തണ്ണീർക്കോട്‌‌ പട്ടിശേരി പിഷാരംവീട്ടിൽ കെ പി ഹരിദാസിന്റെ വാക്കുകൾ. മരണാനന്തരം ശരീരം മെഡിക്കൽ പഠനത്തിനായി കൈമാറുകയെന്ന മഹത്തായ ആശയം മുന്നോട്ടുവയ്‌ക്കുന്ന കുടുംബത്തിലെ അംഗമാണ്‌ ഹരിദാസ്‌. 11 ദിവസത്തിനിടെ രണ്ടുപേരുടെ മൃതദേഹം പാലക്കാട്‌ മെഡിക്കൽ കോളേജിലേക്ക്‌ പഠനത്തിന്‌ ഈ കുടുംബം കൈമാറി. സെപ്‌തംബർ ഏഴിന്‌‌ ഹരിദാസിന്റെ അമ്മ നളിനി പിഷാരസ്യാരും (81), 17ന്‌ സഹോദരൻ സ്വാമി വിദ്യാനന്ദപുരിയും (രാമനാഥൻ –- 60) മരിച്ചു. അവയവ–-ശരീരദാനത്തിനുള്ള താൽപര്യപത്രം കുടുംബത്തിലുള്ളവർ നേരത്തേ നൽകിയിരുന്നു. തുടർന്ന്‌ ഇരുവരുടേയും മൃതദേഹം മെഡിക്കൽ കോളേജിനു കൈമാറി.  ജില്ലാ ആശുപത്രിയിൽ കോവിഡ് പരിശോധന നടത്തി നെഗറ്റീവ്‌ എന്ന്‌ ഉറപ്പാക്കിയാണ്‌ മൃതദേഹം കൈമാറിയത്‌.‌  അച്ഛൻ ബാലകൃഷ്‌ണപ്പിഷാരടി 2009 ൽ മരിച്ചപ്പോൾ അദ്ദേഹത്തിന്റെ മൃതദേഹം തൃശൂർ അമല മെഡിക്കൽ കോളേജിലേക്ക്‌  നൽകിയിരുന്നു‌. കണ്ണൂർ കീച്ചേരിയിലെ ഒമേഗ ഫർണിച്ചർ ഉടമയും ജീവകാരുണ്യ പ്രവർത്തകനുമായ കെ പി രവീന്ദ്രൻ‌, സത്യഭാമ എന്നിവരാണ്‌ ഹരിദാസിന്റെ സഹോദരങ്ങൾ‌. പാലക്കാട്‌ ഗവ. മെഡിക്കൽ കോളേജ്‌ ഡയറക്ടർ ഡോ. എം എസ്‌ പത്മനാഭനും അങ്കുരം സൗഹൃദവേദി സെക്രട്ടറിയും ജില്ലാ ആശുപത്രി  സ്‌റ്റാഫ്‌ നേഴ്‌സ്‌ വിൽസൺ ശങ്കറുമാണ്‌ നടപടിക്രമം പൂർത്തിയാക്കാൻ ഒപ്പം നിന്നതെന്ന്‌ ഹരിദാസ്‌ പറഞ്ഞു. സിപിഐ എം പടിഞ്ഞാറേ പട്ടിശേരി ബ്രാഞ്ച്‌ അംഗമാണ്‌ ഹരിദാസ്‌.   Read on deshabhimani.com

Related News