കെഎസ്ആര്‍ടിസി സര്‍വീസ് കുറയ്‌ക്കില്ല



പാലക്കാട് കോവിഡ് ആശങ്കയുണ്ടെങ്കിലും കെഎസ്ആർടിസി സർവീസുകൾ തൽക്കാലം വെട്ടിച്ചുരുക്കില്ലെന്ന് അധികൃതർ അറിയിച്ചു. സർവീസുകൾ കുറയ്ക്കേണ്ട സാഹചര്യമില്ല. തമിഴ്നാട് നിയന്ത്രണം കടുപ്പിച്ചതോടെ കോയമ്പത്തൂരിലേക്കുള്ള സർവീസുകളിൽ തിരക്ക് കുറഞ്ഞു. എങ്കിലും മുഴുവൻ സർവീസും നടത്തുന്നുണ്ട്. പാലക്കാട് ഡിപ്പോയിൽനിന്ന് 72, മണ്ണാർക്കാട് നിന്ന് 21, വടക്കഞ്ചേരി 28, ചിറ്റൂർ 29 എന്നിങ്ങനെയാണ് സർവീസുകൾ.  കോവിഡ് ഭീതി വർധിച്ചതോടെ വരുമാനം ഇടിഞ്ഞു. ഞായറാഴ്ച സമ്പൂർണ ലോക്ക്ഡൗൺ ആയതിനാൽ കോയമ്പത്തൂരിലേക്ക്‌ സർവീസ് നടത്തുന്നില്ല. ഒരാഴ്ച മുമ്പ് പ്രതിദിന വരുമാനം 11 ലക്ഷം കടന്നിരുന്നു. നിലവിൽ വരുമാനം എട്ടുലക്ഷമായി കുറ‍ഞ്ഞു. കോവിഡ്  ഇനിയും കൂടിയാൽ യാത്രക്കാരുടെ എണ്ണവും വരുമാനവും കുത്തനെ കുറയുമെന്ന ആശങ്കയുണ്ട്. ബസുകളിലെ തിങ്ങി നിറഞ്ഞുള്ള യാത്ര ഒഴിവാക്കണമെന്ന് ​ഗതാ​ഗത മന്ത്രി ആന്റണി രാജു നിർദേശം നൽകി. അതിനാൽ ഇനിയുള്ള ദിവസങ്ങളിൽ ബസുകളിൽനിന്ന് യാത്ര ചെയ്യുന്നവരുടെ എണ്ണം കുറയ്ക്കും.  ജില്ലയിലെ കെഎസ്ആർടിസി ജീവനക്കാരിൽ വിരലിൽ എണ്ണാവുന്നവർക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവർ ചികിത്സയിലാണ്.  കൂടുതൽ പേരിലേക്ക് രോ​ഗം പടരാതിരിക്കാൻ മുൻകരുതലുകൾ ശക്തമാക്കും. ബസുകളിൽ സാനിറ്റൈസറും മാസ്കും നിർബന്ധമാണ്. കണ്ടക്ടർമാർ കൈയുറ ധരിച്ച് മാത്രമേ ടിക്കറ്റ് നൽകൂ.  സ്വകാര്യ ബസുകളുടെ വരുമാനം കുറഞ്ഞു  കോവിഡ് ഭീതി വർധിച്ചതോടെ സ്വകാര്യ ബസുകളിൽ യാത്രക്കാരുടെ തിരക്ക് കുറഞ്ഞു. വരുമാനം കുത്തനെ കുറയുകയാണെന്ന് ബസുടമകൾ പറഞ്ഞു. തിങ്കളാഴ്‌ചയാണ് കൂടുതൽ വരുമാനം ഉണ്ടാവാറുള്ളത്. കഴിഞ്ഞ തിങ്കളാഴ്ച ഈ വരുമാനം ലഭിച്ചില്ല.  സർക്കാരിന്റെ നികുതി ഇളവ് ഡിസംബർ 31ന് തീർന്നു.  ബസുകളിൽ മോട്ടോർ വാഹ​ന വകുപ്പ് പരിശോധന തുടങ്ങി. വരുമാനം കുറയുന്ന സമയത്ത് നികുതി കൂടി അടയ്ക്കേണ്ടി വരുന്നത് കൂടുതൽ പ്രയാസത്തിലാക്കുമെന്നും കോവിഡിന്റെ മൂന്നാംതരം​ഗം പരി​ഗണിച്ച് നികുതിയിളവ് വേണമെന്ന് ബസുടമകൾ ആവശ്യപ്പെട്ടു. Read on deshabhimani.com

Related News