കത്തിത്തീരാതെ ഇമേജിലെ മാലിന്യമല

മൂന്നാം ദിവസവും തീ അണയ്-ക്കാൻ ശ്രമിക്കുന്ന അഗ്നിശമന സേനാംഗങ്ങൾ


മലമ്പുഴ മൂന്നുദിവസമായിട്ടും കത്തി ത്തീരാതെ ഇമേജിലെ ആശുപത്രി മാലിന്യം. ഇന്ത്യൻ മെഡിക്കൽ അസോസിയേഷ​ന്‍ സംസ്ഥാനത്തെ മുഴുവൻ ആശുപത്രിയിലെയും മാലിന്യം എത്തിച്ച് വേർതിരിച്ച് സംഭരിച്ച് സംസ്കരിക്കുന്ന മലമ്പുഴ കരടിയോട്ടെ ഇമേജ് പ്ലാ​ന്റില്‍ കുന്നുകൂട്ടിയിട്ട ആശുപത്രിമാലിന്യത്തിനാണ് ഞായര്‍ രാവിലെ 10ന് തീപിടിച്ചത്. അ​ഗ്നിരക്ഷാസേന മൂന്നു ദിവസം വെള്ളം പമ്പുചെയ്തിട്ടും തീ അണഞ്ഞിട്ടില്ല. ചൊവ്വാഴ്ചയും പാലക്കാട്, കഞ്ചിക്കോട് യൂണിറ്റിലെ അംഗങ്ങൾ ഇവിടെ ക്യാമ്പ് ചെയ്യുന്നുണ്ട്. ഇനിയും രണ്ടോ മൂന്നോ ദിവസം കത്തിത്തീരേണ്ടത്ര മാലിന്യം ഇവിടെയുണ്ട്. 40,000 ചതുരശ്ര അടിയുള്ള പ്ലാന്റി​ന്റെ മേൽക്കൂരയും ഭിത്തിയും തകർന്നു.  എങ്ങനെയാണ് തീ പടർന്നതെന്നതെന്ന് ഇപ്പോഴും കൃത്യമായ വിശദീകരണം ഇല്ല. തീ അണയാത്തതിനാല്‍ മൂന്ന് ദിവസമായി ഇവിടെ നിന്നുയരുന്ന പുകയും നിലവിൽ മാലിന്യം വേർതിരിച്ച് കത്തിക്കുന്നതി​ന്റെ പുകയും രാത്രി കൂടുതലായി പുറംതള്ളുന്നതിനാല്‍ പ്രദേശവാസികൾക്ക് ശ്വാസംമുട്ടൽ കാരണം ഉറങ്ങാനാവുന്നില്ല.  കുടിവെള്ളവും മലിനമായതായി നാട്ടുകാർ പറഞ്ഞു. മാരക രോഗങ്ങള്‍ പിടിപെടുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. മരങ്ങളിലെ ഇലകൾ മുഴുവൻ പുക പിടിച്ച് കറുത്ത നിറത്തിലായി. ഇനിയുമെത്ര ദിവസം ഇമേജിലെ മാലിന്യം കത്തുമെന്ന ആശങ്കയിലാണിവർ. Read on deshabhimani.com

Related News