കൂളിങ്‌ സ്റ്റിക്കർ നീക്കാൻ കടകളിൽ തിരക്ക്

കൂളിങ്‌ സ്റ്റിക്കർ കടകളിൽ നീക്കുന്നു


    പാലക്കാട് ഓപ്പറേഷൻ സ്‌ക്രീനുമായി മോട്ടോർ വാഹനവകുപ്പ് പരിശോധന ശക്തമാക്കുമ്പോൾ പിഴയിൽനിന്ന് തലയൂരാൻ സ്റ്റിക്കർ കടകൾക്കുമുന്നിൽ വാഹന ഉടമകളുടെ നീണ്ട നിര. എവിടെനിന്നാണോ കൂളിങ്‌ ഫിലിം പതിച്ചത് അവിടെത്തന്നെ എത്തിയാണ്‌ നീക്കുന്നത്‌. വാഹനത്തിന്റെ വലുപ്പമനുസരിച്ച്‌ കൂളിങ്‌ ഫിലിം നീക്കാൻ കനം അനുസരിച്ച്‌ 150 മുതൽ 300 രൂപവരെയാണ്‌ നിരക്ക്. പരിശോധനയ്ക്കിടെ മോട്ടോർ വാഹനവകുപ്പ് പിടികൂടിയാൽ 1,250രൂപവരെ പിഴയടയ്ക്കണം. അല്ലാത്ത വാഹനത്തെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തും. രണ്ടാമതും വാഹനം പിടികൂടിയാൽ രജിസ്ട്രേഷൻ റദ്ദാക്കുന്നതുൾപ്പടെ നേരിടണം.  വാഹനാപകടങ്ങളുണ്ടാകുമ്പോൾ ചില്ലുകൾ പൂർണമായി പൊടിഞ്ഞുവീഴണം. കൂളിങ് പേപ്പർ ഒട്ടിക്കുന്നതുവഴി പൂർണമായി പൊട്ടില്ല. ഇത് അപകടത്തിന്റെ തോത്‌ കൂട്ടും. അപകടത്തിൽപ്പെടുന്നവരെ പുറത്തെടുക്കുമ്പോൾ ചില്ലുകൾ ശരീരത്തിൽ തറച്ചുകയറാനും കാരണമാകും. വാഹനം മറ്റ് നിയമലംഘനങ്ങൾക്ക് ഉപയോ​ഗിക്കുന്നില്ലെന്നുകൂടി ഉറപ്പാക്കാനും കൂളിങ്‌ഫിലിം നീക്കണം. പുറത്തുനിന്ന് നോക്കിയാൽ അകത്തെ ദൃശ്യം വ്യക്തമായി കാണുന്നവിധമാവണം ചില്ല്‌. സ്ത്രീകൾക്കെതിരായ അതിക്രമം, പുകയില, കഞ്ചാവ്, മദ്യം കടത്ത് എന്നിവ തടയാനാണ്‌  സുപ്രീംകോടതിവിധിയുടെ പശ്ചാത്തലത്തിൽ വാഹനങ്ങളിൽ ​കർട്ടനും കൂളിങ് പേപ്പറും പൂർണമായി നിരോധിച്ചത്. മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്‌മെന്റ്‌വിഭാ​ഗത്തിന്റെ നാല് സംഘം ജില്ലയിലെ വിവിധഭാഗങ്ങളിൽ പരിശോധിക്കുന്നു.   Read on deshabhimani.com

Related News