പ്രതിക്കായി 
അന്വേഷണം ഊര്‍ജിതം



  പാലക്കാട്  മേട്ടുപ്പാളയം സ്ട്രീറ്റിൽ സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് കണ്ടെത്തിയ സംഭവത്തിൽ പ്രതിക്കായി അന്വേഷണം ഊർജിതം. ഒളിവിൽപോയ കീർത്തി ആയുർവേദിക്‌സ്‌ സ്ഥാപന ഉടമ കോഴിക്കോട് സ്വദേശി മൊയ്‌തീൻ കോയക്കുവേണ്ടി അന്വേഷണം ഊർജിതമാക്കിയെന്ന് പാലക്കാട് ഡിവൈഎസ്‍പി പി സി ഹരിദാസ് അറിയിച്ചു.  പിടിച്ചെടുത്ത സിമ്മുകളിൽ പരിശോധന തുടരുകയാണ്. സിംകാർഡിൽനിന്ന്‌ ലഭിക്കുന്ന വിവരങ്ങൾ അന്വേഷണത്തിന്‌ നിർണായമാകുമെന്ന്‌ പൊലീസ്‌ വിലയിരുത്തുന്നു. എട്ട് സിംകാർഡും 16 സിം സ്ലോട്ടും ആന്റിനകളുമുള്ള ഒരു സിംബോക്‌സാണ്‌ സ്ഥാപനത്തിൽനിന്ന് കണ്ടെടുത്തത്. സൈബർസെല്ലിന്റെ സഹായത്തോടെ ഇവ പരിശോധിച്ചുവരികയാണ്‌. ജില്ലക്കാരായ കൂടുതൽപേർക്ക്‌ കേസിൽ ബന്ധമുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നു.  ദേശവിരുദ്ധപ്രവർത്തനത്തിനോ കള്ളക്കടത്തിനോ സ്ഥാപനം ഉപയോഗിച്ചിട്ടുണ്ടോയെന്നും പരിശോധിക്കും. വിദേശത്തുനിന്ന് നിരവധി കോൾ വന്നിട്ടുണ്ട്. കോഴിക്കോട് മൂഴിക്കൽ സ്വദേശിയായ പ്രതി മൊയ്തീൻ കോയയുടെ സഹോദരനും സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് കേസിൽ പ്രതിയാണ്. ഇയാളെ കോഴിക്കോട് പൊലീസ് അറസ്റ്റ് ചെയ്തു.  സമാന്തര ടെലിഫോൺ എക്‍സ്ചേഞ്ചുകളുടെ പ്രവർത്തനത്തിന് വൻ സംഘം സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ടെന്ന്‌ പൊലീസ് വിലയിരുത്തുന്നു. പാലക്കാട് ഡിവൈഎസ്‍പി പി സി ഹരിദാസിന്റെ നേതൃത്വത്തിലാണ്‌ പൊലീസ്‌ സംഘം കേസ് അന്വേഷിക്കുന്നത്. Read on deshabhimani.com

Related News