പാലക്കാട്‌ കെഎസ്‌ആർടിസി കെട്ടിടം ഈ മാസം 
പൂർത്തിയാകും



  പാലക്കാട്‌ കെഎസ്‌ആർടിസി പാലക്കാട്‌ ബസ് സ്റ്റാൻഡ് കെട്ടിട നിർമാണം അവസാനഘട്ടത്തിൽ. പ്ലംബിങ്, വയറിങ് തുടങ്ങി അവസാനഘട്ട പണിക്കുള്ള സാങ്കേതിക അനുമതി ലഭിച്ചു. കെട്ടിടം ഈ മാസം അവസാനത്തോടെ പൂർത്തിയാക്കാനാകും. രണ്ടാംഘട്ടമായുള്ള യാർഡ്‌ നിർമാണത്തിന്‌ 2.1 കോടി രൂപയുടെ ഭരണാനുമതിയായി.  ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌ സൊസൈറ്റിക്കാണ്‌ നിർമാണച്ചുമതല. പുതിയ കെട്ടിടത്തിൽ ഓഫീസ്‌ കൂടാതെ ശുചിമുറി, യാത്രക്കാർക്കുള്ള വിശ്രമ കേന്ദ്രം, കച്ചവട സ്ഥാപനങ്ങൾ എന്നിവയുണ്ട്‌. ഗ്രൗണ്ട് ഫ്ലോർ ഉൾപ്പെടെ മൂന്ന്‌ നിലയുള്ള ബസ് ടെർമിനലിൽ ഒരേസമയം 11 ബസ്‌ നിർത്തിയിടാം.  ബസ് ടെർമിനലിന് അഞ്ചു കോടി രൂപയാണ്‌ അനുവദിച്ചത്‌. ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എൻജിനിയറുടെ മേൽനോട്ടത്തിലാണ് നിർമാണം. അടച്ചിടലിനെത്തുടർന്ന്‌ ഇടയ്‌ക്ക്‌ നിർത്തിവച്ച നിർമാണം ഇപ്പോൾ അതിവേഗം പുരോഗമിക്കുന്നു. എത്രയും വേഗം പൊതുജനങ്ങൾക്ക്‌ തുറന്നുകൊടുക്കുകയാണ്‌ ലക്ഷ്യം.  ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത്‌ ഉടൻ നിർമാണമെന്നുപറഞ്ഞ്‌ പൊളിച്ചിട്ട കെട്ടിടം യാത്രക്കാർക്ക്‌ ഉണ്ടാക്കിയ ദുരിതം ചില്ലറയല്ല. Read on deshabhimani.com

Related News