ചെങ്കൊടി ഉയർന്നു

കെഎസ്-കെടിയു സംസ്ഥാന സമ്മേളനത്തിന് തുടക്കം കുറിച്ച് പൊതുസമ്മേളന നഗരിയായ ബി രാഘവൻ നഗറിൽ (വലിയ കോട്ടമെെതാനം‍) സ്വാഗതസംഘം ചെയർമാൻ സി കെ രാജേന്ദ്രൻ പതാക ഉയർത്തുന്നു ഫോട്ടോ: പി വി സുജിത്


ബി രാഘവൻ നഗർ (പാലക്കാട്‌ കോട്ടമെെതാനം ) കർഷകത്തൊഴിലാളി സമരങ്ങളുടെ പോരാട്ട ഭൂമിയിൽ നാല്‌ രക്തസാക്ഷികളുടെ ചുടുരക്തം വീണ പാലക്കാട്‌ കോട്ടമൈതാനത്ത്‌ കേരള സ്‌റ്റേറ്റ്‌ കർഷക തൊഴിലാളി യൂണിയൻ (കെഎസ്‌കെടിയു) സംസ്ഥാന സമ്മേളനത്തിന്‌ പതാക ഉയർന്നു. കൊടിമര, പതാക, രക്തസാക്ഷി സ്‌മൃതിജാഥകൾ ബി രാഘവൻ നഗറിൽ (വലിയ കോട്ടമൈതാനം) സംഗമിച്ചു. തുടർന്ന്‌ സ്വാഗതസംഘം ചെയർമാൻ സി കെ രാജേന്ദ്രൻ പതാക ഉയർത്തി. യുണിയൻ മുൻ സംസ്ഥാന പ്രസിഡന്റ്‌ ബി രാഘവൻ സ്‌മൃതി മണ്ഡപത്തിൽനിന്ന്‌ (കൊട്ടാരക്കര) തുടങ്ങിയ പതാകജാഥ കോട്ടമൈതാനത്ത്‌ സമാപിച്ചു. ക്യാപ്‌റ്റൻ എ ഡി കുഞ്ഞച്ചനിൽനിന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്‌ബാബു പതാക ഏറ്റുവാങ്ങി. അഖിലേന്ത്യാ വർക്കിങ് കമ്മിറ്റി അംഗമായിരുന്ന ടി ചാത്തുവിന്റെ സ്‌മൃതിമണ്ഡപത്തിൽനിന്ന്‌ തുടങ്ങിയ കൊടിമരജാഥ സമാപിച്ചു. ക്യാപ്‌റ്റൻ സി ടി കൃഷ്‌ണനിൽനിന്ന്‌ ജില്ലാ പ്രസിഡന്റ്‌ ടി എൻ കണ്ടമുത്തൻ കൊടിമരം ഏറ്റുവാങ്ങി.   ബുധൻ രാവിലെ പത്തിന്‌ പ്രതിനിധി സമ്മേളന നഗറിൽ പതാക ഉയരും. പകൽ 10ന്‌ പ്രതിനിധി സമ്മേളനം ടി ചാത്തു നഗറിൽ (പാലക്കാട്‌ പ്രസന്നലക്ഷ്‌മി കല്യാണമണ്ഡപം) ഓൾ ഇന്ത്യ അഗ്രികൾച്ചറൽ വർക്കേഴ്‌സ്‌ യൂണിയൻ പ്രസിഡന്റ്‌ എ വിജയരാഘവൻ ഉദ്‌ഘാടനം ചെയ്യും. 20 വരെ നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ ബി വെങ്കിട്ട്‌, എം വി ഗോവിന്ദൻ, വിക്രം സിങ്‌, ഡോ. വി ശിവദാസൻ എംപി തുടങ്ങിയവർ പങ്കെടുക്കും. പ്രതിനിധി സമ്മേളനത്തിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ 518 പ്രതിനിധികൾ പങ്കെടുക്കും.  22ന്‌ ബി രാഘവൻ നഗറിൽ വൈകിട്ട്‌ അരലക്ഷം പേർ പങ്കെടുക്കുന്ന റാലി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. തൊഴിൽസേന, വളണ്ടിയർ പ്രകടനം എന്നിവയുണ്ടാകും. ബുധൻ രാവിലെ ചെറിയ കോട്ടമൈതാനിയിലെ രക്തസാക്ഷി സ്‌മൃതി മണ്ഡപത്തിൽനിന്ന്‌ പ്രതിനിധി സമ്മേളന നഗരിയിലേക്ക്‌ ദീപശിഖ  കൊണ്ടുപോകും. സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്‌ബാബു ദീപശിഖ എം ടി ജയപ്രകാശിന്‌ കൈമാറും.    ജില്ലയിലെ ഏഴ് രക്തസാക്ഷികളുടെ സ്‌മൃതികുടീരങ്ങളിൽനിന്നും കൊണ്ടുവന്ന പതാകകൾ ചൊവ്വ വൈകിട്ട്‌ എ അയ്യപ്പൻ നഗറിൽ  (ചെറിയ കോട്ടമൈതാനം) തയ്യാറാക്കിയ രക്തസാക്ഷി സ്‌തൂപങ്ങളിൽ നേതാക്കൾ ഏറ്റുവാങ്ങി ഉയർത്തി. Read on deshabhimani.com

Related News