സർവീസിനായി ഷോറൂമിലെത്തിച്ച കാർ മോഷ്‌ടിച്ചയാൾ പിടിയിൽ

അബ്ദുൾ സമദ്


ഒറ്റപ്പാലം കയറംപാറയിലെ ഷോറൂമിൽ സർവീസിനെത്തിച്ച കാർ മോഷ്ടിച്ച കേസിൽ മുൻ ജീവനക്കാരൻ പിടിയിൽ. മണ്ണാർക്കാട് കോട്ടോപ്പാടം കച്ചേരിപ്പറമ്പ് കോലോത്തൊടി വീട്ടിൽ അബ്ദുൾ സമദി (36) നെയാണ്‌ പൊലീസ് അറസ്റ്റ്‌ ചെയ്‌തത്‌. കാർ കസ്റ്റഡിയിലെടുത്തു. 2022 ജൂൺ 27ന് രാത്രിയാണ് കാർ മോഷണം പോയത്‌. പാലക്കാട് കല്ലൂർ സ്വദേശിനിയുടെ കാറാണ് മോഷണം പോയത്. ഷോറൂമിലെ സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ ഡിവിആറും മോഷ്‌ടിച്ചിരുന്നു.  സംഭവത്തിൽ പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റീഡിങ് കാമറകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്‌. പുലാമന്തോൾ വഴി കാർ പോകുന്നത് കാമറയിൽ പതിഞ്ഞു. തുടർന്ന് പെരിന്തൽമണ്ണ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ കാർ കസ്റ്റഡിയിലെടുത്തു. കാർ ഓടിച്ചിരുന്നയാളെ ചോദ്യം ചെയ്തപ്പോഴാണ് അബ്ദുൾ സമദിനെക്കുറിച്ച് വിവരം ലഭിച്ചത്. തുടർന്ന് ഇയാളെ ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കാർ ഓടിച്ചിരുന്നയാൾക്ക് നിലവിൽ കേസിൽ പങ്കില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.  കയറംപാറയിലെ കാർ ഷോറൂമിൽനിന്ന് നാലുവർഷം മുമ്പ്‌ സാമ്പത്തിക ക്രമക്കേട് ആരോപിച്ച്‌ അബ്ദുൾ സമദിനെ ജോലിയിൽനിന്ന് പിരിച്ചുവിട്ടതാണ്‌. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. ഒറ്റപ്പാലം എസ്എച്ച്ഒ എം സുജിത്, എസ്ഐ കെ ജെ പ്രവീൺ, എഎസ്ഐ വി എ ജോസഫ്, എസ്‌സിപിഒ സജിറഹ്മാൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. Read on deshabhimani.com

Related News