ഒപിയിലെത്തിയ രോഗികൾ വലഞ്ഞു



പാലക്കാട്‌ ഡോക്ടർമാരുടെ പണിമുടക്കിൽ രോഗികൾ വലഞ്ഞു. ആശുപത്രികളിലെ ആക്രമണങ്ങൾ അവസാനിപ്പിക്കുക, ആശുപത്രിയെ സംരക്ഷിത മേഖലയായി പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്‌ ഐഎംഎ നേതൃത്വത്തിൽ രാവിലെ ആറുമുതൽ വൈകിട്ട്‌ ആറുവരെയാണ്‌ പണിമുടക്ക്‌ നടത്തിയത്‌. സമരമറിയാതെ ആശുപത്രിയിൽ എത്തിയവരാണ്‌ ബുദ്ധിമുട്ടിയത്‌. സർക്കാർ, സ്വകാര്യ ആശുപത്രികളും ക്ലിനിക്കുകളും പ്രവർത്തിച്ചില്ല. പനി ബാധിതർ വർധിച്ച സാഹചര്യത്തിൽ ദിവസവും ആയിരത്തോളം പേർ ഒപികളിലെത്തുന്നുണ്ട്‌. അത്യാഹിത വിഭാഗം പ്രവർത്തിച്ചതിനാൽ അപകടം തുടങ്ങിയ പ്രശ്‌നങ്ങളിൽപ്പെട്ടവർക്ക്‌ അടിയന്തര സഹായം ലഭിച്ചു.   സമരത്തിൽ ജില്ലയിലെ മുഴുവൻ ഡോക്‌ടർമാരും പങ്കെടുത്തതായി ഐഎംഎ ഭാരവാഹികൾ അവകാശപ്പെട്ടു. ഡോക്ടർമാരും മെഡിക്കൽ വിദ്യാർഥികളും പങ്കെടുത്ത ‌പ്രകടനവും ധർണയും പാലക്കാട്‌ നഗരത്തിൽ നടന്നു. ഐഎംഎയോടൊപ്പം കേരള ഗവ. മെഡിക്കൽ ഓഫീസേഴ്‌സ്‌ അസോസിയേഷൻ, ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ, പാലക്കാട്‌ മെഡിക്കൽ കോളേജ്‌ ടീച്ചേഴ്‌സ്‌ അസോസിയേഷൻ തുടങ്ങി മുപ്പതോളം സംഘടനകൾ പണിമുടക്കിൽ പങ്കെടുത്തു. സിവിൽ സ്‌റ്റേഷനുമുന്നിൽ ചേർന്ന ധർണ ഐഎംഎ മുൻ സംസ്ഥാന പ്രസിഡന്റ്‌ സി കെ ചന്ദ്രശേഖരൻ ഉദ്‌ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ കെ വേലായുധൻ അധ്യക്ഷനായി.  കെജിഎംഒഎ ജില്ലാ പ്രസിഡന്റ്‌ എം മനോജ്‌കുമാർ, ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ ജില്ലാ ചെയർമാൻ സുഭാഷ്‌ മാധവൻ, പാലക്കാട്‌ മെഡിക്കൽ കോളേജ്‌ ടീച്ചേഴ്‌സ്‌ അസോസിയേഷൻ നേതാവ്‌ അഭിമോൻ, കേരള ഗവ. ഇൻഷുറൻസ്‌ മെഡിക്കൽ ഓഫീസേഴ്‌സ്‌ അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ ദിലീപ്‌, ഇന്ത്യൻ കോളേജ്‌ ഓഫ്‌ കാർഡിയോളജി ദേശീയ പ്രസിഡന്റ്‌ ജയഗോപാൽ, ഐഎംഎ സ്റ്റേറ്റ്‌ വർക്കിങ് കമ്മിറ്റിയംഗം മേരി ജ്യോതി വിത്സൺ, കെജിഎംഒഎ സംസ്ഥാന കമ്മിറ്റിയംഗം ഡോ. അജിത്, ജൂനിയർ ഡോക്ടർ നെറ്റ്‌വർക്കിന്റെ നീരജ ഗോപി, മെഡിക്കൽ കോളേജ്‌ വിദ്യാർഥി യൂണിയൻ ചെയർമാൻ പോൾ ഡെന്നി, ഐഎംഎ പാലക്കാട്‌ ബ്രാഞ്ച്‌ പ്രസിഡന്റ്‌ എൻ എം അരുൺ, ജില്ലാ കൺവീനർ രസിത ഗിരീഷ്‌ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News