പാലക്കാട് ചുരത്തിന്റെ പരിസ്ഥിതി 
പുനഃസ്ഥാപനം അനിവാര്യം



പാലക്കാട്  പാലക്കാട് ചുരത്തിന്റെ പരിസ്ഥിതി പുനഃസ്ഥാപനം അനിവാര്യമാണെന്ന്‌ ശിൽപ്പശാല. പാലക്കാട് ചുരം പ്രദേശത്തു സ്ഥിതി ചെയ്യുന്ന പുതുശേരി, വടകരപ്പതി, എരുത്തേമ്പതി,  കൊഴിഞ്ഞാമ്പാറ, പെരുമാട്ടി, പട്ടഞ്ചേരി, മുതലമട പഞ്ചായത്തുകളിൽ കാലാവസ്ഥാ  വ്യതിയാനം ചെറുക്കുന്നതിനും പരിസ്ഥിതി പുനഃസ്ഥാപിക്കുന്നതിനും ഉതകുന്ന  ദീർഘകാല സമഗ്രപദ്ധതി ആവിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണ് ശിൽപ്പശാല.  മന്ത്രി കെ കൃഷ്‌ണൻകുട്ടി ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  കെ ബിനുമോൾ അധ്യക്ഷയായി. എംഎൽഎമാരായ എ പ്രഭാകരൻ, കെ ബാബു, കലക്ടർ മൃൺമയി ജോഷി, ഭാരതപ്പുഴ കോർ കമ്മിറ്റി കൺവീനർ പി കെ   സുധാകരൻ എന്നിവർ സംസാരിച്ചു. ഹരിത കേരളം മിഷൻ ജില്ലാ കോ–-ഓർഡിനേറ്റർ   വൈ കല്യാണകൃഷ്ണൻ, പ്രൊഫ. റിച്ചാർഡ്‌ സ്‌കറിയ, പിഎംകെഎസ്‌വൈ സാങ്കേതിക വിദഗ്‌ധ ഡോ. അനിത എന്നിവർ വിഷയാവതരണം നടത്തി.  കൃഷിയോഗ്യമായ മുഴുവൻ സ്ഥലത്തും കൃഷി നടത്താനും ഉൽപ്പന്ന സംഭരണവും മൂല്യ വർധനവിനുള്ള സംരംഭങ്ങളും ആരംഭിക്കാനും നിർദേശമുണ്ടായി. പുഴകൾ, തോടുകൾ, കിണറുകൾ, കുളങ്ങൾ, മറ്റു ജല സ്രോതസുകൾ എന്നിവയിൽ മാലിന്യം തള്ളുന്നത്‌ തടയണം. കിണറുകളുടെയും കുളങ്ങളുടെയും ആഴം കൂട്ടി വൃത്തിയാക്കണം, കണിക ജല ശേഖരണ രീതികളും മറ്റ് ആധുനിക ജലസേചന മാർഗങ്ങളും ഓരോ വിളയ്ക്കും വേണ്ട ശാസ്ത്രീയ ജല വിനിയോഗ രീതികളും അവലംബിച്ച് ജലത്തിന്റെ ഉപയോഗക്ഷമത വർധിപ്പിക്കണം, മഴ തുടങ്ങുന്നതിന് മുമ്പ്‌ നീർച്ചാലുകളിലെയും പുഴ, തോട് എന്നിവിടങ്ങളിലെയും പ്ലാസ്റ്റിക് പോലുള്ള മാലിന്യങ്ങൾ നീക്കം ചെയ്യണം തുടങ്ങി നിരവധി നിർദേശങ്ങൾ ശിൽപ്പശാലയിൽ ഉയർന്നു.  ഹരിത കേരളം മിഷന്റെ സഹകരണത്തോടെ ചിറ്റൂർ ഗവ. കോളേജിലെ  ഭൗമശാസ്ത്ര വിഭാഗം അധ്യാപകരും വിദ്യാർഥികളും ചേർന്നാണ്‌ പാലക്കാട് ചുരം  പ്രദേശത്തിന്റ പാരിസ്ഥിതിക സാമൂഹ്യ പ്രശ്നങ്ങൾ  പഠിച്ച്‌ റിപ്പോർട്ട്‌ തയ്യാറാക്കിയത്‌. Read on deshabhimani.com

Related News