സംസ്ഥാനത്ത്‌ കൂടുതൽ 
മത്സരങ്ങൾ നടത്തും: മന്ത്രി



പാലക്കാട്‌ സംസ്ഥാനത്ത്‌ കൂടുതൽ മത്സരങ്ങൾ നടത്തി കായികതാരങ്ങൾക്ക്‌  അവസരം സൃഷ്ടിക്കുമെന്ന്‌ മന്ത്രി വി അബ്‌ദുൾ റഹ്‌മാൻ പറഞ്ഞു. പാലക്കാട്‌ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമീണ മേഖലയിൽനിന്ന്‌ കൂടുതൽ മികവുള്ള താരങ്ങളെ കണ്ടെത്തും. ഇതിനായി  എല്ലാ പഞ്ചായത്തിലും കളിസ്ഥലം നിർമിക്കാനും ജില്ലാ ആസ്ഥാനത്ത്‌ സ്‌റ്റേഡിയം നിർമിക്കാനും  നടപടി പുരോഗമിക്കുന്നു.  പഞ്ചായത്തുകളിൽ സ്‌പോർട്‌സ്‌ കൗൺസിലും  രൂപീകരിക്കും. ഒക്ടോബർ രണ്ടിനകം ഇതിനുള്ള നടപടിയാവും. പഞ്ചായത്തുകളിൽ കായിക ഇൻസ്‌ട്രക്ടറെയും നിയമിക്കും.  കളികള്‍ക്കുള്ള മൈതാനം മറ്റാവശ്യങ്ങൾക്ക്‌ കൊടുക്കുന്നത്‌ നിയന്ത്രിക്കും. ഫുട്‌ബോൾ പ്രചാരണം ശക്തമാക്കും. സ്വകാര്യമേഖലയിൽ സംസ്ഥാനത്ത്‌ ആയിരത്തോളം ടർഫുണ്ട്‌. ഇവയും  കായികക്ഷമതാ വിഷന്റെ ഭാഗമാക്കും. പഞ്ചായത്തുതലത്തിൽ ഫുട്‌ബോൾ പരിശീലനത്തിന്‌ സൗകര്യമൊരുക്കും.   കണ്ണൂർ, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ്‌ ഫുട്‌ബോൾ അക്കാദമി സ്ഥാപിക്കുക. ഇതിൽ രണ്ടെണ്ണം പെൺകുട്ടികൾക്കാകും. നിലവിൽ സ്‌പോർട്സ്‌ കൗൺസിലിലും മറ്റും അഫിലിയേറ്റ്‌ ചെയ്‌ത അസോസിയേഷനുകളില്‍ കാര്യക്ഷമമല്ലാത്തവയുടെ അഫിലിയേഷൻ റദ്ദാക്കും.     അടുത്ത അധ്യയന വർഷം മുതൽ  കായികം പാഠ്യപദ്ധതിയുടെ ഭാഗമാകും. ബേബി ബുക്ക്‌സ്‌ എന്നപേരിൽ എൽപി വിദ്യാർഥികൾക്ക്‌ കായിക പഠനം ലഭ്യമാക്കും.  തിയറിയും പ്രാക്ടിക്കലും   ഉൾപ്പെടുത്തും. കായിക സ്‌കൂളുകളുടെ പ്രവർത്തനവും  മെച്ചപ്പെടുത്തും.   കോച്ചുകള്‍ക്ക്‌ അന്താരാഷ്‌ട്ര നിലവാരമുള്ള പരിശീലനം നൽകും.  അടുത്ത ഒളിമ്പിക്‌സും  പത്തു വർഷത്തെ മുന്നേറ്റവും ലക്ഷ്യമാക്കിയ രണ്ട്‌ പദ്ധതിയാണ്‌ നടപ്പാക്കുക. കായിക നയത്തിന്റെ കരട്‌ അടുത്ത നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കും–-മന്ത്രി പറഞ്ഞു. പി പി സുമോദ്‌ എംഎൽഎ, കലക്ടർ മൃൺമയി ജോഷി ശശാങ്ക് , സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് മെഴ്സി കുട്ടൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. Read on deshabhimani.com

Related News