സിമ്മുകൾ ബംഗളൂരുവിൽനിന്ന് അന്വേഷണം ഊർജിതം



  പാലക്കാട്  മേട്ടുപ്പാളയം സ്ട്രീറ്റിലെ സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ചിൽനിന്ന് പിടിച്ചെടുത്ത സിമ്മുകൾ ബംഗളൂരുവിൽനിന്ന് എത്തിച്ചതെന്ന് പൊലീസ്. ഒളിവിലുള്ള കീർത്തി ആയുർവേദിക്‌സ്‌  സ്ഥാപന ഉടമ കോഴിക്കോട് സ്വദേശി മൊയ്‌തീൻ കോയക്കുവേണ്ടി അന്വേഷണം ഊർജിതമാക്കി.  ജില്ലക്കാരായ കൂടുതൽ പേർക്ക്‌ കേസിൽ ബന്ധമുണ്ടോയെന്നും  അന്വേഷിക്കുന്നു. എട്ട് സിംകാർഡും 16 സിം സ്ലോട്ടും ആന്റിനകളുമുള്ള ഒരു സിം ബോക്‌സാണ്‌ സ്ഥാപനത്തിൽനിന്ന് കണ്ടെടുത്തത്. ഇവ പരിശോധിക്കാൻ സൈബർസെല്ലിന്റെ സഹായം തേടും.  ദേശവിരുദ്ധ പ്രവർത്തനത്തിനോ കള്ളക്കടത്തിനോ സ്ഥാപനം ഉപയോഗിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കും. വിദേശത്തുനിന്ന് നിരവധി കോളുകൾ വന്നിട്ടുണ്ട്.  കോഴിക്കോട് മൂഴിക്കൽ സ്വദേശിയായ മൊയ്തീൻ കോയയുടെ സഹോദരൻ കോഴിക്കോട്ടെ സമാന്തര ടെലി. എക്‌സ്‌ചേഞ്ച് കേസിലെ പ്രതിയാണ്. ബുധനാഴ്ച  സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട ലഘുലേഖകളും കണ്ടെത്തി. അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ട് പോകുന്നതെന്ന് ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥ് പറഞ്ഞു.  പാലക്കാട് ഡിവൈഎസ്‍പി പി സി ഹരിദാസിന്റെ നേതൃത്വത്തിലാണ് തുടരന്വേഷണം. പാലക്കാട് ഇന്റലിജന്റ്‌സ് ബ്യൂറോ അന്വേഷണത്തിന് മേൽനോട്ടം വഹിക്കും.   കീർത്തി ആയുർവേദിക്‌സ്‌ സ്ഥാപനത്തിലാണ്‌ സമാന്തര എക്‌സ്‌ചേഞ്ച് പ്രവർത്തിച്ചത്‌.   Read on deshabhimani.com

Related News