വനംവകുപ്പ്‌ ഉദ്യോഗസ്ഥന്റെ 
റിവോൾവർ മോഷ്ടിച്ച പ്രതി പിടിയിൽ

എ മുരുകൻ


  വാളയാർ  ഫോറസ്റ്റ് റേഞ്ച് ഓഫീസറുടെ സർവീസ് റിവോൾവറും ആറ്‌ ബുള്ളറ്റും 75,000 രൂപയും മോഷ്-ടിച്ചക്കേസിൽ 10 വർഷത്തിനുശേഷം പ്രതി പിടിയിൽ. സേലം മേട്ടൂർ രാമമൂർത്തി നഗർ സ്വദേശി എ മുരുകനെ (49) യാണ് വാളയാർ പൊലീസ് അറസ്റ്റ് ചെയ്തത്. 2010 ഏപ്രിൽ 25നാണ്‌ മലബാർ സിമന്റ്സ് ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന വാളയാർ റേഞ്ച് ഓഫീസറുടെ റിവോൾവറും ബുള്ളറ്റും അലമാര കുത്തിത്തുറന്ന്‌  പണവും മോഷ്ടിച്ചത്. സർവീസ് റിവോൾവർ മോഷണം  സുരക്ഷാവീഴ്ചയെച്ചൊല്ലി ഏറെ വിമർശനങ്ങൾക്കും ഇടയാക്കി. 2010ൽ വാളയാറിൽ ജോലി അന്വേഷിച്ചെത്തിയ ഇയാൾ ആ സമയത്ത്‌ വാളയാർ, കഞ്ചിക്കോട് കേന്ദ്രീകരിച്ചുനടന്ന ഒട്ടേറെ മോഷണക്കേസുകളിൽ പ്രതിയാണെന്ന്‌ പൊലീസ് പറയുന്നു. വാളയാർ ഡാം റോഡ് പരിസരത്ത്‌ വീട്‌ക്കുത്തി തുറന്ന്‌ മൊബൈൽ ഫോണും സ്വർണവും വാച്ചും മോഷ്ടിച്ചക്കേസിലും ഇയാൾ പ്രതിയാണെന്ന്‌ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.  തമിഴ്നാട്ടിൽ മറ്റൊരു കേസ് അന്വേഷണത്തിനിടെയാണ്‌ മുരുകനെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിന്‌ ലഭിച്ചത്. ഇൻസ്പെക്ടർ എ അജീഷ് സ്ക്വാഡ് അംഗങ്ങളായ എം മുഹമ്മദ്, പി സുജിത്ത് എന്നിവരുടെ നേതൃത്വത്തിൽ സേലത്തുള്ള പ്രതിയുടെ വീട്ടിൽ നിന്നാണ്‌ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. Read on deshabhimani.com

Related News