ആത്മവിശ്വാസം പകർന്ന് 
ഡോക്ടർ ദമ്പതിമാർ

ആദ്യദിനം വാക്സിൻ സ്വീകരിച്ച ഡോക്ടർ ദമ്പതിമാരായ പി ബി ഗുജ്റാളും സന്ധ്യയും


പാലക്കാട് ‘വാക്സിനെ പേടിക്കേണ്ടതില്ല,  മഹാമാരിയെ തുരത്തേണ്ട ഉത്തരവാദിത്തം നമുക്ക് ഓരോരുത്തർക്കുമുണ്ട്. വിവിധ ഘട്ടങ്ങളിലെ പരീക്ഷണങ്ങൾ പിന്നിട്ടാണ്‌ വാക്സിൻ നമുക്കായി എത്തിക്കുന്നത്’ –-ഡോ. ഗുജ്‌റാൾ പറയുന്നു. ആദ്യദിനം കോവിഡ് വാക്സിനെടുത്ത് ആരോഗ്യപ്രവർത്തകർക്ക് ആത്മവിശ്വാസത്തിന്റെ മുഖമാകുകയാണ് ഡോക്ടർദമ്പതിമാരായ ഫോറൻസിക് ചീഫ് കൺസൾട്ടന്റ് പി ബി ഗുജ്‌റാളും ഭാര്യ ക്രിട്ടിക്കൽ കെയർ വിഭാഗത്തിലെ സന്ധ്യയും. ആരോഗ്യവകുപ്പിലെ പൊലീസ് സർജൻകൂടിയായ ഗുജ്റാൾ കോവിഡ്കാലയളവിൽ നിരവധി മൃതദേഹം പോസ്റ്റുമോർട്ടം ചെയ്തതും കോവിഡ് ബാധിച്ച സഹപ്രവർത്തകരെയും ഓർമിക്കുന്നു.  പോസ്റ്റ്‌കോവിഡിന്റെ ഭാഗമായി ശ്വാസമെടുക്കാൻപോലും ബുദ്ധിമുട്ടുന്ന ആരോഗ്യപ്രവർത്തകരുണ്ട്‌. കോവിഡ് മഹാമാരിയെ തുരത്താൻ ആരോഗ്യവിഭാഗമുൾപ്പെടെ സർക്കാർസംവിധാനം കൂട്ടായി പ്രവർത്തിക്കുമ്പോൾ ചിലർ വാക്‌സിനെതിരെ കള്ളപ്രചാരണം അഴിച്ചുവിടുന്നു.  ഇതെല്ലാം അസംബന്ധമാണെന്ന് പൊതുജനങ്ങളെ അറിയിക്കുന്നതിനാണ് ആദ്യദിനത്തിൽ വാക്സിനെടുത്തതെന്ന് ഡോ. ഗുജ്റാൾ പറഞ്ഞു. കള്ളപ്രചാരണങ്ങൾ ഒരുവിഭാഗം ആരോഗ്യപ്രവർത്തകർക്കിടയിലും ആശങ്കയുണ്ടാക്കി.  ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന വാദത്തിന് അടിസ്ഥാനമില്ല. കുത്തിവയ്‌പ്പെടുക്കുമ്പോഴുള്ള ചെറിയ വേദനയൊഴികെ മറ്റു പ്രശ്നങ്ങളില്ല. ആദ്യഡോസ് എടുത്ത്‌ 28 ദിവസം കഴിഞ്ഞ് അടുത്ത ഡോസ് കൂടി എടുക്കണം. എങ്കിലേ പൂർണതോതിൽ വാക്സിൻ ശരീരത്തിൽ പ്രവർത്തിക്കു.  ആദ്യദിവസംതന്നെ വാക്സിനെടുക്കാൻ പരിഗണിച്ച ആരോഗ്യവകുപ്പിനോടും സഹപ്രവർത്തകരോടും നന്ദി പറയുകയാണ് ഇരുവരും. ഭയമല്ല ജാഗ്രതയാണ് വേണ്ടതെന്നും ഈ മഹാമാരിയെയും മനുഷ്യർ തരണം ചെയ്യുമെന്ന് ഗുജ്റാൾ പറഞ്ഞു. Read on deshabhimani.com

Related News