രണ്ടാംഘട്ടം 
5,846 പേർ



    പാലക്കാട്‌ ഹയർ സെക്കൻഡറി ഒന്നാംവർഷ പ്രവേശനത്തിനുള്ള രണ്ടാംഘട്ട അലോട്ട്‌മെന്റ്‌  21 ന്‌ അവസാനിക്കും. ജില്ലയിൽ ആകെ 33,920 സീറ്റുണ്ട്‌.  ഈ വർഷം 5,654 സീറ്റാണ്‌ വർധിച്ചത്‌.  മാനേജ്‌മെന്റ്‌ സീറ്റ്‌ ഒഴിവാക്കി 24,273 സീറ്റിലേക്കാണ്‌ ഏകജാലകം വഴി പ്രവേശനം.  ഒന്നാം അലോട്ട്‌മെന്റിൽ 10,804 പേരും രണ്ടാംഘട്ടത്തിൽ 5,846 പേരും പ്രവേശനം നേടി. 41 സീറ്റുകളിൽ കൂടി പ്രവേശനം നടക്കും. തുടർന്ന്‌ ഒഴിവ്‌ സംബന്ധിച്ച പട്ടിക പ്രസിദ്ധീകരിക്കും. 22 നായിരിക്കും പട്ടിക പ്രസിദ്ധീകരിക്കുക. തുടർന്ന്‌, അവശേഷിക്കുന്ന മെറിറ്റ്‌ സീറ്റിലും വിവിധ ക്വാട്ടകളിലെ സീറ്റിലും പ്രവേശനം നടത്തും.  എസ്‌ടി സീറ്റിൽ വിദ്യാർഥികൾ ചേർന്നിട്ടില്ലെങ്കിൽ  സീറ്റ്‌ പട്ടികജാതി വിഭാഗത്തിലേക്ക്‌ മാറ്റും. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കായുള്ള ഇക്കണോമിക്കലി വീക്കർ സെക്‌ഷനിൽ വിദ്യാർഥികൾ പ്രവേശിക്കാതിരുന്നാൽ ജനറൽ വിഭാഗത്തിലേക്ക്‌സീറ്റ്‌ മാറ്റും.  എയ്‌ഡഡ്‌ സ്‌കൂളുകളിൽ ആകെ  സീറ്റിന്റെ 70 ശതമാനം മെറിറ്റ്‌, 10 ശതമാനം കമ്യൂണിറ്റി ക്വാട്ട,  20 ശതമാനം മാനേജ്‌മെന്റ്‌ ക്വാട്ട എന്ന നിലയിലാണ്‌ പ്രവേശനം നടക്കുക.  പട്ടിക പ്രസിദ്ധീകരിച്ചാൽ ഒഴിവുള്ള സീറ്റുകളിൽ വിദ്യാർഥികൾക്ക്‌ വീണ്ടും അപേക്ഷിക്കാം. അപേക്ഷ പരിഗണിച്ച്‌ വീണ്ടും റാങ്ക്‌ പട്ടിക തയ്യാറാക്കും. ഇതുവരെ അപേക്ഷ നൽകാൻ കഴിയാത്തവർക്ക്‌,  അപേക്ഷയിൽ പിഴവ്‌ വന്നവർക്ക്‌, സേ പരീക്ഷ പാസായവർക്ക്‌ എന്നിവർക്കെല്ലാം അപേക്ഷിക്കാം. ഇതിനൊപ്പം സ്‌പോർട്‌സ്‌ ക്വോട്ട, സപ്ലിമെന്ററി അലോട്ട്‌മെന്റും നടക്കും. സ്‌പോർട്‌സ്‌ കൗൺസിലിൽ നിന്ന്‌ ഇതുവരെ സ്‌കോർ കാർഡ്‌ നേടാൻ കഴിയാത്തവർ 16 മുതൽ 21 വരെ ജില്ലാ സ്‌പോർട്‌സ്‌ കൗൺസിലുമായി ബന്ധപ്പെടണം.  മുഖ്യഘട്ടത്തിൽ സ്‌കോർ കാർഡ്‌ നേടിയ ശേഷം സ്‌പോർട്‌സ്‌ ക്വോട്ട പ്രവേശനത്തിന്‌ ഓൺലൈനായി അപേക്ഷിക്കാത്തവർക്കും പുതിയ സ്‌കോർ കാർഡ്‌ നേടുന്നവർക്കും സപ്ലിമെന്ററി പ്രവേശനത്തിന്‌ അപേക്ഷിക്കാം. Read on deshabhimani.com

Related News