പറളിയിൽ കായിക സമുച്ചയം ഉദ്ഘാടനം ഇന്ന്

വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യുന്ന പറളി ഹയർ സെക്കൻഡറി സ്-കൂളിലെ കായിക സമുച്ചയം


പാലക്കാട്  പറളി ഹയർസെക്കൻഡറി സ്-കൂളിൽ 1.75 ഏക്കറിൽ നിർമിച്ച കായിക സമുച്ചയം വ്യാഴാഴ്ച പകൽ 11ന് മന്ത്രി വി അബ്ദുൾ റഹ്മാൻ ഉദ്ഘാടനം ചെയ്യും. സർക്കാർ കിഫ്ബിയിൽനിന്ന്‌ അനുവദിച്ച 6.58 കോടി രൂപ ചെലവഴിച്ചാണ്‌ നിർമാണം. 25 മീറ്റർ നീളവും 12.5 മീറ്റർ വീതിയുമുള്ള അഞ്ചുവരി ട്രാക്കും നീന്തൽക്കുളവുമാണ് കായിക കേരളത്തിന് അഭിമാനമായി പണി പൂർത്തിയാക്കിയത്.  ഫ്രഞ്ച്‌ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് നിർമാണം. നാലു മണിക്കൂറിനകം വെള്ളം പൂർണമായി ശുദ്ധീകരിക്കാം. വസ്ത്രം മാറാനും കുളിക്കാനും പ്രത്യേകം മുറികളുണ്ട്. സെവൻസ്‌ ഫുട്‌ബോൾ മത്സരത്തിനുള്ള മൈതാനവും സമുച്ചയത്തിലുണ്ട്. ജർമനിയിൽനിന്ന് ഇറക്കുമതി ചെയ്‌ത ടർഫ്‌ ഉപയോഗിച്ചാണ് 200 മീറ്ററിന്റെ ആറുവരി സിന്തറ്റിക് ട്രാക്ക് നിർമിച്ചത്. ഹാമർ ത്രോ കോർട്ട് ആസ്‌ത്രേലിയൻ സാങ്കേതിക വിദ്യയിലാണ്‌. 100 മീറ്ററിന്റെ ട്രാക്കും പോൾവാൾട്ടിനും ജമ്പിങ്ങിനുമുള്ള പിറ്റുമുണ്ട്. സംസ്ഥാന സർക്കാർ ആദ്യമായാണ് എയ്ഡഡ് സ്കൂളിൽ കായിക സമുച്ചയത്തിന്‌ ഫണ്ട്‌ അനുവദിച്ചത്. അന്തരിച്ച മുൻ എംഎൽഎ കെ വി വിജയദാസിന്റെ ശ്രമഫലമായാണ് സമുച്ചയം ഉയർന്നത്‌. കെ ശാന്തകുമാരി എംഎൽഎ അധ്യക്ഷയാകും. Read on deshabhimani.com

Related News