സമാന്തര ടെലി. എക്‌സ്ചേഞ്ച് സ്ഥാപന ഉടമ ഒളിവില്‍

മേട്ടുപ്പാളയം സ്ട്രീറ്റിലെ സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് പ്രവർത്തിപ്പിച്ച മുറി പൊലീസ് പൂട്ടിയപ്പോൾ


    പാലക്കാട്‌ മേട്ടുപ്പാളയം സ്ട്രീറ്റിൽ സമാന്തര ടെലിഫോൺ എക്‍സ്ചേഞ്ച് കണ്ടെത്തിയ സംഭവത്തിൽ  സ്ഥാപന ഉടമ ഒളിവില്‍. കോഴിക്കോട് സിവിൽ സ്‌റ്റേഷൻ പുത്തൻ പീടിയേക്കൽ വീട്ടിൽ മൊയ്‌തീൻ കോയ (55) ആണ്‌ ഒളിവില്‍. പൊലീസ് പരിശോധനയില്‍ ഇയാളുടെ വീട്ടിൽനിന്ന്‌ പോപ്പുലര്‍ ഫ്രണ്ടിന്റെ നോട്ടീസുകളും നിരവധി കേബിളും കണ്ടെത്തി.  മേട്ടുപ്പാളയം സ്ട്രീറ്റിലെ കീർത്തി ആയുർവേദിക്‌സ്‌ സ്ഥാപനത്തിലാണ്‌ സമാന്തര എക്‍സ്ചേഞ്ച് പ്രവർത്തിച്ചത്‌. കസ്റ്റഡിയിലുള്ള സ്ഥാപനത്തിലെ ജോലിക്കാരൻ കണ്ണംപറമ്പ്‌ കാട്ടശേരി കാജാഹുസൈനെ (67) പ്രതി ചേർത്തിട്ടില്ല. ഇയാൾക്ക് ഇടപാടിൽ നേരിട്ട് പങ്കുണ്ടോയെന്ന് പരിശോധിക്കുന്നു.  പാലക്കാട്ടുനിന്ന് കണ്ടെത്തിയ സിം കാർഡുകളിലും വിശദ പരിശോധന തുടരുന്നു. മൊയ്‌തീൻ കോയ കൂടുതൽ ഇടങ്ങളിൽ സമാന്തര എക്‍സ്ചേഞ്ച് നടത്താനുള്ള സാധ്യതയും പരിശോധിക്കുന്നു. പാലക്കാട്ടുനിന്ന് 16 സിം കാർഡ്‌ പ്രവർത്തിപ്പിക്കാവുന്ന സിം ബോക്‌സും (റൗട്ടർ) ഏഴ്‌ സിം കാർഡും നൂറിലേറെ സിം കാർഡ്‌ കവറും കേബിളും നിരവധി മേൽവിലാസം എഴുതിയ നോട്ടുബുക്കും പൊലീസ് പിടിച്ചെടുത്തു.  ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പാലക്കാട് ഡിവൈഎസ്‍പി പി സി ഹരിദാസിന്റെ നേതൃത്വത്തിലാണ് തുടരന്വേഷണം. പാലക്കാട് ഇന്റലിജന്‍സ് ബ്യൂറോയും അന്വേഷണത്തിന് മേൽനോട്ടം വഹിക്കും.  വിദേശ കോളുകൾ ഇന്റർനെറ്റ് ബ്രോഡ്ബാൻഡ് കണക്‌ഷനിലൂടെ സ്വീകരിച്ച് രാജ്യത്തിനകത്തെ മൊബൈൽ കോളാക്കി മാറ്റുന്ന ടെലിഫോൺ എക്‍സ്ചേഞ്ച് സംസ്ഥാനത്ത് പലയിടത്തും പ്രവർത്തിക്കുന്നതായാണ് വിവരം.   Read on deshabhimani.com

Related News