ലക്ഷണമില്ലാത്തവർ 90 ശതമാനം



പാലക്കാട്‌ ജില്ലയിൽ കോവിഡ് ‌–-19 സ്ഥിരീകരിച്ചവരിൽ 90 ശതമാനവും രോഗലക്ഷണം പ്രകടിപ്പിക്കാത്തവർ. രോഗബാധിതരായ 905 പേരിൽ 812 പേർക്കും ലക്ഷണമുണ്ടായില്ല. 92 പേർക്ക്‌ മാത്രമാണ്‌‌ ലക്ഷണമുണ്ടായത്‌.  ചൊവ്വാഴ്‌ചവരെയുള്ള കണക്കാണിത്‌. തുടക്കത്തിൽ രോഗലക്ഷണമുള്ളവരിൽ മാത്രമായിരുന്നു‌ കോവിഡ്‌ പരിശോധന‌‌. എന്നാൽ, ലക്ഷണമില്ലാത്തവരും രോഗവാഹകരായതോടെ‌ പരിശോധന വ്യാപിപ്പിച്ചു.  റെഡ്‌സോണിൽനിന്ന്‌ എത്തുന്നവരെയും രോഗസാധ്യതയുള്ള വിഭാഗങ്ങളിൽപ്പെട്ടവരെയും കണ്ടെത്തി പരിശോധിച്ചു. ഇതിലൂടെയാണ്‌ ലക്ഷണമില്ലാത്ത രോഗികളെ കൂടുതലായി കണ്ടെത്തിയത്‌. കോവിഡ്‌ കണ്ടെത്തിയതുമുതൽ മറ്റ്‌‌ ജില്ലകളെ അപേക്ഷിച്ച്‌ പാലക്കാട്ട്‌ പരിശോധനാ നിരക്ക്‌ കൂടുതലാണ്‌. ലക്ഷണമില്ലാത്ത രോഗികളെ കണ്ടെത്താൻ ഇതും സഹായകമായി‌. ആകെ 27,520 സാമ്പിളാണ്‌ പരിശോധിച്ചത്‌. സമൂഹവ്യാപനമുണ്ടോ എന്ന്‌ പരിശോധിക്കുന്ന സെന്റിനൽ സർവൈലൻസ്‌ (3,327)‌, പൂൾഡ് (3,816)‌‌, ഓഗ്‌മെന്റഡ് (195)‌ പരിശോധനയും ഇതിൽ ഉൾപ്പെടും.  അതിർത്തി ജില്ലയെന്ന നിലയിലാണ്‌ പരിശോധനയുടെ എണ്ണം തുടക്കംമുതലേ കൂട്ടിയത്‌. പത്തുലക്ഷത്തിൽ 7,566 പേരെന്ന നിരക്കിലാണ്‌‌ കഴിഞ്ഞ രണ്ടാഴ്‌ചക്കുമുമ്പ്‌ പരിശോധന.  ഈ സമയം, സംസ്ഥാന നിരക്ക്‌ 7,498, ദേശീയ നിരക്ക്‌ 6,963 എന്നിങ്ങനെയാണ്‌.  ഇപ്പോൾ ഇത്‌ യഥാക്രമം 8,875, 9,567, 8,457 എന്നിങ്ങനെയാണ്‌.  കോവിഡിനൊപ്പം മറ്റ്‌ ഗുരുതര രോഗമുള്ള 131 പേർ ജില്ലയിലുണ്ടായി. രക്തസമ്മർദം, പ്രമേഹം, ഹൃദ്‌രോഗം, മദ്യാസക്‌തി, ആസ്‌തമ ഉൾപ്പെടെയുള്ള രോഗങ്ങളാണ്‌ ഇവർക്കുള്ളത്‌.   കൂടുതൽ  യുവജനങ്ങളിൽ‌ ജില്ലയിലെ കോവിഡ്‌ ബാധിതരിൽ ഏറെയും യുവജനങ്ങൾ. രോഗം ബാധിച്ച 905 പേരിൽ 518 പേർ 21 മുതൽ 40വരെ പ്രായമുള്ളവർക്കാണ്‌.  വിദേശത്തുനിന്നും മറ്റ്‌ സംസ്ഥാനങ്ങളിൽനിന്നും തിരിച്ചെത്തുന്നവരിൽ കൂടുതലും ഈ വിഭാഗക്കാരായതാണ്‌ ഇതിന് കാരണം.  പത്ത്‌ വയസ്സിനു താഴെയുള്ള 32 പേർക്കാണ്‌ രോഗം സ്ഥിരീകരിച്ചത്‌‌. 71 മുതൽ 90 വയസ്സിനിടയിലുള്ള അഞ്ചുപേർക്ക്‌ മാത്രമാണ്‌ രോഗം ബാധിച്ചത്‌. റിവേഴ്‌സ്‌ ക്വാറന്റൈൻ ഫലപ്രദമായി നടപ്പാക്കിയതാണ്‌ പ്രായക്കൂടുതലുള്ളവരിൽ രോഗനിരക്ക്‌ കുറയാൻ സഹായിച്ചത്‌. Read on deshabhimani.com

Related News