‘ബസ് ഓൺ ഡിമാൻഡ്‌’ പദ്ധതിക്ക് തുടക്കം



പാലക്കാട് കെഎസ്‌ആർടിസി "ബസ് ഓൺ ഡിമാൻഡ്‌'പദ്ധതിക്ക് പാലക്കാട്ട്‌ തുടക്കം. മണ്ണുത്തി കാർഷിക സർവകലാശാലയിലേക്കാണ് പാലക്കാട് ഡിപ്പോയിൽനിന്ന് ആദ്യ സർവീസ് ആരംഭിച്ചത്.  പ്രവൃത്തിദിവസങ്ങളിൽ രാവിലെ 8.40ന് മണ്ണുത്തിയിലേക്ക്‌ സർവീസ് നടത്തും.  40 പേരാണ് സർവീസ് ആവശ്യപ്പെട്ട് പ്രത്യേക ട്രാവൽ കാർഡ്‌ എടുത്തത്. ആദ്യദിനം 30 യാത്രക്കാരുണ്ടായി. വൈകിട്ട് അഞ്ചിന് മണ്ണുത്തിയിൽ നിന്ന് പാലക്കാട്ടേക്കും സർവീസ് നടത്തും. അവധിദിവസം സർവീസ്‌ ഉണ്ടാകില്ല. യാത്രക്കാരുടെ ബൈക്ക് അടക്കമുള്ള വാഹനം പാലക്കാ‌ട് ഡിപ്പോയിലും പരിസരങ്ങളിലും നിർത്തിയിട‌ാൻ സൗകര്യമൊരുക്കി. നെയ്യാറ്റിൻകര, നെടുമങ്ങാട് കെഎസ്ആർടിസി ഡിപ്പോകളിൽ നടപ്പാക്കി വിജയിച്ച പദ്ധതിയാണ്‌ ജില്ലയിലും ആരംഭിച്ചത്‌. ഒരു പ്രദേശത്തേക്ക് സ്ഥിരംയാത്ര ചെയ്യുന്നവർക്ക്‌ സമയക്രമം അനുസരിച്ച്‌‌‌ സർവീസ് നടത്തുന്നതാണ് പദ്ധതി.  സർക്കാർ ജീവനക്കാർ, വിവിധ കമ്പനികളിലെ ജോലിക്കാർ തുടങ്ങിയവർക്ക്‌ സ്‍കൂൾ ബസ് മാതൃകയിലാണ്‌ സർവീസ്‌. കഞ്ചിക്കോട്, വാളയാർ വ്യവസായമേഖലകളിലേക്കും ഇതുവ്യാപിപ്പിക്കാൻ ആലോചിക്കുന്നു.  ആദ്യയാത്ര ഷാഫി പറമ്പിൽ എംഎൽഎ ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‍തു. ജനറൽ കൺട്രോളിങ് ഇൻസ്‍പെക്‍ടർ വി സഞ്ജീവ് കുമാർ അധ്യക്ഷനായി. കെഎസ്ആർടിസി എക്‍സിക്യൂട്ടീവ് ഡയറക്‍ടർ വി പി രാജേന്ദ്രൻ സംസാരിച്ചു.  ജില്ലാ ട്രാൻസ്‌‌പോർട്ട് ഓഫീസർ ടി എ ഉബൈദ്‌ സ്വാ​ഗതവും ഇൻസ്‌പെക്‍ടർ പി എസ് മഹേഷ് നന്ദിയും പറഞ്ഞു. ഈ സർവീസിൽ യാത്ര ചെയ്യുമ്പോൾ അപകടം സംഭവിച്ചാൽ ചികിത്സയ്‍ക്ക് 3,00,000രൂപവരെ ലഭിക്കും. മരണപ്പെട്ട‌ാൽ കുടുംബത്തിന് 10 ലക്ഷം രൂപ  കിട്ടും. സർവീസുകൾക്ക്‌ മുൻകൂട്ടി ബുക്ക് ചെയ്യണം. ഫോൺ: പാലക്കാട്: 9495099910, 8943489389. വടക്കഞ്ചേരി: 9562037804. മണ്ണാർക്കാട്: 9447996325. ചിറ്റൂർ: 9562578434. Read on deshabhimani.com

Related News