തൊഴിലുറപ്പ് പദ്ധതിയെ കേന്ദ്രസർക്കാർ തകർക്കുന്നു: കെ കെ ശൈലജ



ആലത്തൂർ തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാരിന്റേതെന്ന്‌ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ എംഎൽഎ. കെഎസ്‌കെടിയു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ആലത്തൂരിൽ സംഘടിപ്പിച്ച ‘കേന്ദ്ര സർക്കാർ നയവും തൊഴിലുറപ്പിന്റെ ഭാവിയും’ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.  വൻകിട മുതലാളിമാരെ പ്രീണിപ്പിച്ച് കോടികളുടെ കടം എഴുതിത്തുള്ളുന്ന ബിജെപി തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കാനും സാധാരണക്കാരുടെ കുടുംബത്തിലുണ്ടായ നേരിയ വെളിച്ചം തല്ലിക്കെടുത്താനുമാണ് ശ്രമിക്കുന്നത്.  നാടിന്റെ സ്വച്ഛന്ദ ജീവിതം തകർക്കാൻ എസ്ഡിപിഐയും ആർഎസ്എസും ശ്രമിക്കുമ്പോൾ വർഗീയവാദികളെ ഒറ്റപ്പെടുത്തുക എന്ന നിലപാട് മനുഷ്യ മനസ്സിൽ ഉയരണമെന്നും ഇടതുപക്ഷത്തെ സമാധാന സംരക്ഷണത്തിന്റെ മതിലാക്കി ഉയർത്തണമെന്നും കെ കെ ശൈലജ പറഞ്ഞു. കെഎസ്‌കെടിയു വടക്കഞ്ചേരി ഏരിയ സെക്രട്ടറി എസ് രാധാകൃഷ്ണൻ അധ്യക്ഷനായി.  എൻആർഇജി വർക്കേഴ്സ് യൂണിയൻ സംസ്ഥാന സെക്രട്ടറി എസ് രാജേന്ദ്രൻ വിഷയം അവതരിപ്പിച്ചു. കെ ഡി പ്രസേനൻ എംഎൽഎ, സംസ്ഥാന വെെസ് പ്രസിഡന്റ് സി ടി കൃഷ്ണൻ, ജില്ലാ ജോയിന്റ്‌ സെക്രട്ടറിമാരായ വി ചെന്താമരാക്ഷൻ, വി കെ ജയപ്രകാശ്, സംസ്ഥാന കമ്മിറ്റി അംഗം ടി സി കുഞ്ഞുമോൾ, ജില്ലാ കമ്മിറ്റി അംഗം വി പൊന്നുക്കുട്ടൻ എന്നിവർ സംസാരിച്ചു. ആലത്തൂർ ഏരിയ സെക്രട്ടറി പി അരവിന്ദാക്ഷൻ സ്വാഗതവും കുഴൽമന്ദം ഏരിയ സെക്രട്ടറി കെ സുന്ദരൻ നന്ദിയും പറഞ്ഞു.   കെഎസ്‌കെടിയു സംസ്ഥാന സമ്മേളനം; കൊടിമര ജാഥ ഉദ്‌ഘാടനം ഇന്ന്‌ പാലക്കാട്‌ കെഎസ്‌കെടിയു സംസ്ഥാന സമ്മേളന പൊതുസമ്മേളന നഗറിൽ സ്ഥാപിക്കാനുള്ള കൊടിമരവുമായുള്ള ജാഥ തിങ്കളാഴ്‌ച മുതലമടയിലെ ടി ചാത്തുവിന്റെ സ്‌മൃതികുടീരത്തിൽനിന്ന്‌ ആരംഭിക്കും. വൈകിട്ട്‌ അഞ്ചിന്‌ വി ശിവദാസൻ എംപി ഉദ്‌ഘാടനം ചെയ്യും. യൂണിയൻ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ സി ടി കൃഷ്‌ണനാണ്‌ ജാഥാ ക്യാപ്‌റ്റൻ. ചൊവ്വ രാവിലെ കാമ്പ്രത്ത്‌ചള്ളയിൽനിന്ന്‌ പര്യടനം തുടങ്ങി വൈകിട്ട്‌ കോട്ടമൈതാനിയിൽ സമാപിക്കും. ലളിത ബാലനാണ്‌ ജാഥാ മാനേജർ. ദീപശിഖാ ജാഥ 18ന്‌ രാവിലെ എട്ടിന്‌ പാലക്കാട്‌ രക്തസാക്ഷി സ്‌മൃതിമണ്ഡപത്തിൽനിന്ന്‌ (കോട്ടമൈതാനം) ആരംഭിക്കും. എം ടി ജയപ്രകാശിന്റെ നേതൃത്വത്തിലുള്ള ജാഥ സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്‌ബാബു ഉദ്‌ഘാടനം ചെയ്യും. പതാക ജാഥ ശനിയാഴ്‌ച കൊട്ടാരക്കരയിൽനിന്ന്‌ പര്യടനം ആരംഭിച്ചു. ദീർഘകാലം യൂണിയൻ സംസ്ഥാന പ്രസിഡന്റായിരുന്ന ബി രാഘവന്റെ സ്മൃതിമണ്ഡപത്തിൽനിന്ന്‌ തുടങ്ങിയ ജാഥ ചൊവ്വ വൈകിട്ട്‌ അഞ്ചിന്‌ കോട്ടമൈതാനത്ത്‌ എത്തും. Read on deshabhimani.com

Related News