മഴയൊഴിയുന്നു; 
അണക്കെട്ട്‌ ഷട്ടറുകൾ
താഴ്‌ത്തുന്നു



പാലക്കാട്‌ ജില്ലയിൽ മഴ ദുർബലമാകുന്നു. രണ്ടുദിവസമായി കാര്യമായി മഴ പെയ്‌തില്ല. രണ്ടാഴ്‌ച ശക്തമായി മഴ പെയ്‌തിട്ടും ജില്ലയിൽ തെക്കുപടിഞ്ഞാറൻ കാലവർഷം പെയ്‌തത്‌ എട്ടുശതമാനം കുറവാണ്‌. ജൂൺ ഒന്നുമുതൽ ആഗസ്‌ത്‌ 14വരെ 1,190 മില്ലീ മീറ്റർ മഴ ലഭിക്കേണ്ടിടത്ത്‌ 1095.3 മില്ലീ മീറ്റർ മഴയാണ്‌ പെയ്‌തത്‌. സെപ്‌തംബർ 30 വരെ ജില്ലയിൽ ആകെ ലഭിക്കേണ്ടത്‌ 1531.6 മില്ലീ മീറ്റർ മഴയാണ്‌. 18 വരെ ജില്ലയിൽ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ചെറിയ മഴയ്‌ക്കേ സാധ്യതയുള്ളുവെന്ന്‌ കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു.   നിലവിൽ മീങ്കര ഒഴികെ എല്ലാ അണക്കെട്ടുകളും തുറന്നിരിക്കുകയാണെ‌ങ്കിലും ചെറിയ തോതിൽമാത്രമേ വെള്ളം പുറത്തേക്ക്‌ ഒഴുക്കുന്നുള്ളൂ. വാളയാർ, മംഗലം, അണക്കെട്ടുകളിൽ ബ്ലൂ അലർട്ടും ചുള്ളിയാറിൽ യെല്ലോ അലർട്ടുമാണ്‌. ശിരുവാണിയുടെ ഷട്ടറുകൾ 15 സെന്റീ മീറ്റർ വീതം പുഴയിലേക്ക്‌ തുറന്നിട്ടുണ്ട്‌. കാഞ്ഞിരപ്പുഴയുടെ മൂന്നു ഷട്ടർ 20 സെന്റീ മീറ്ററും വാളയാറിന്റെ ഒരു ഷട്ടർ 0.5 സെന്റീ മീറ്ററും മലമ്പുഴയുടെ നാല്‌ ഷട്ടറും മൂന്ന്‌ സെന്റീമീറ്റർ വീതവും പോത്തുണ്ടിയിലേത്‌ മൂന്ന്‌ ഷട്ടറും 15 സെന്റീ മീറ്റർ വീതവും തുറന്നിട്ടുണ്ട്‌. ചുള്ളിയാറിന്റെ മൂന്നിൽ ഒരു ഷട്ടർ അഞ്ച്‌ സെന്റീ മീറ്ററും മംഗലത്തിന്റെ ആറ്‌ ഷട്ടറും മൂന്ന്‌ സെന്റീമീറ്റർ വീതവും തുറന്നിട്ടുണ്ട്‌. മൂലത്തറ റെഗുലേറ്ററിന്റെ 19ൽ രണ്ട്‌ ഷട്ടർ മാത്രമാണ്‌ ഉയർത്തിയിട്ടുള്ളത്‌. മഴ പെയ്‌തില്ലെങ്കിൽ അടുത്ത ദിവസങ്ങളിൽത്തന്നെ എല്ലാ അണക്കെട്ടുകളുടെയും ഷട്ടർ അടയ്‌ക്കും.   Read on deshabhimani.com

Related News