റൈസ്‌മില്ലിന്‌ കണ്ണമ്പ്രയിൽ നാളെ മുഖ്യമന്ത്രി ശിലയിടും



  വടക്കഞ്ചേരി  സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ കേരളത്തിലെ ആദ്യ ആധുനിക റൈസ്‌മില്ലിന് കണ്ണമ്പ്രയിൽ തുടക്കമാകുന്നു. പാലക്കാട് പാഡി പ്രൊക്യുർമെന്റ്‌ പ്രോസസിങ് ആൻഡ്‌ മാർക്കറ്റിങ് സൊസൈറ്റി(പാപ്കോസ്)യുടെ നേതൃത്വത്തിലാണ്‌ ആധുനിക സംഭരണശാലയാടുകൂടിയ (സൈലോ )റൈസ്‌ മിൽ ആരംഭിക്കുക.  സ്ഥാപനത്തിന്റെ ശിലാസ്ഥാപനം വ്യാഴാഴ്ച പകൽ മൂന്നി-ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.  മന്ത്രിമാരായ എ കെ ബാലൻ, കടകംപള്ളി സുരേന്ദ്രൻ, കെ കൃഷ്ണൻകുട്ടി, മുൻ എം എൽ എ സി കെ രാജേന്ദ്രൻ എന്നിവർ പങ്കെടുക്കും. സംസ്ഥാന സർക്കാരിന്റെ സാമ്പത്തികസഹായത്തോടെ തുടങ്ങുന്ന റൈസ് മില്ലിന്  കണ്ണമ്പ്ര മാങ്ങോട്ടിൽ 27.66 ഏക്കർ സ്ഥലം ഏറ്റെടുത്തിട്ടുണ്ട്.  ഒരു ദിവസം രണ്ട് ഷിഫ്റ്റുകളിലായി 200 മെട്രിക് ടൺ നെല്ല് സംസ്‌കരിച്ച്‌ അരിയാക്കാൻ സംവിധാനമുണ്ടാകും. സംഘത്തിന്റെ ഓഹരി ഉൾപ്പെടെ 75.04 കോടി രൂപയാണ് ആകെ ചെലവ്. അടുത്ത ജൂണിൽ മില്‍ പ്രവര്‍ത്തനം  തുടങ്ങും.   രണ്ട് വർഷംവരെ നെല്ല് കേടുകൂടാതെ സൂക്ഷിക്കാൻ കഴിയുന്ന, 2,500 മെട്രിക് ടൺ സംഭരണശേഷിയുള്ള ആറ് സംഭരണികളും  (സൈലോ)  മില്ലിൽ ഒരുക്കുന്നുണ്ട്.  പ്രവര്‍ത്തനം പൂര്‍ണതോതിലാകുന്നതോടെ  ജില്ലയിലെ കർഷകരിൽനിന്ന്‌ സർക്കാർ നിശ്ചയിക്കുന്ന വിലയ്ക്ക് പാപ്കോസിന് നേരിട്ട് നെല്ല് സംഭരിക്കാനാകും.  നെല്ല് അളന്ന ഉടനെ വിലയും നൽകും. ആവശ്യമെങ്കിൽ കൊയ്ത്തിനുമുമ്പ്‌ വിലയുടെ 60 ശതമാനം പലിശരഹിതമായും നൽകും.  ഇവിടെ സംസ്ക്കരിക്കുന്ന അരി സപ്ലൈകോയ്‌ക്കു നൽകുന്നതിനുപുറമെ ജില്ലയിലെ സഹകരണസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ തുടങ്ങുന്ന അരിക്കടകൾവഴിയും  മിതമായ നിരക്കിൽ വില്‍ക്കും.  ആദ്യഘട്ടത്തിൽ  നൂറ്റമ്പതോളം അരിക്കടകളാണ് തുറക്കുകയെന്ന്‌ ഭാരവാഹികൾ പറഞ്ഞു. പാപ്കോസ് പ്രസിഡന്റ്‌ എം നാരായണനുണ്ണി, വൈസ് പ്രസിഡന്റ്‌ എ ചൈതന്യകൃഷ്ണൻ,  സെക്രട്ടറി ആർ സുരേന്ദ്രൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. Read on deshabhimani.com

Related News