രോ​ഗവ്യാപനമറിയാന്‍ ആന്റിെജന്‍ പരിശോധന തുടങ്ങി



  പാലക്കാട് ജില്ലയിൽ രോഗവ്യാപനം ഉണ്ടോയെന്നു പരിശോധിക്കാൻ ആന്റിജെന്‍ പരിശോധന തുടങ്ങി. മുട്ടിക്കുളങ്ങര എ ആര്‍ ക്യാമ്പിലാണ് ചൊവ്വാഴ്‍‍ച പരിശോധന നടത്തിയത്. മറ്റ്‌ സ്ഥലങ്ങളിലെ കോവിഡ്‌ഡ്യൂട്ടിക്കുശേഷം ക്യാമ്പില്‍ തിരിച്ചെത്തിയ 144 പേരുടെ പരിശോധന ഫലം നെ​ഗറ്റീവായി.  വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 258 പൊലീസുകാരാണ് ക്യാമ്പിലുള്ളത്. ബാക്കിയുള്ളവരുടെ പരിശോധന ഫലം ഉടന്‍ ലഭിക്കും. ബുധനാഴ്‍ച മുതല്‍ മൂന്ന് ദിവസങ്ങളിലായി വലിയങ്ങാടി ഉൾപ്പെടെയുള്ള അങ്ങാടികളിലും നഗരസഭകളിലും ആന്റിജെൻ ടെസ്റ്റ് നടത്തുമെന്ന് ഡിഎംഒ കെ പി റീത്ത അറിയിച്ചു. ലോറി, ട്രക്ക് ഡ്രൈവർമാർ, സെക്യൂരിറ്റി ജീവനക്കാർ, കച്ചവടക്കാർ ഉൾപ്പെടെയുള്ളവരെ പരിശോധിക്കും. മേലാമുറി പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലായിരിക്കും പരിശോധന. നഗരസഭകളിലെ തിരക്കുള്ള പ്രദേശങ്ങളിലും വാണിയംകുളം, കുഴൽമന്ദം ചന്തകളിലും വരുംദിവസങ്ങളിൽ പരിശോധന നടത്തും.   പെരുമാട്ടി, എലപ്പുളളി കേന്ദ്രീകരിച്ച് അതിഥിത്തൊഴിലാളികൾക്കിടയിൽ നേരത്തേ ആന്റിജെൻ ടെസ്റ്റ്‌ നടത്തിയിരുന്നു. ഐസിഎംആർ, എയിംസ് എന്നിവർ ആന്റിജെൻ ടെസ്റ്റിന്റെ കൃത്യത പരിശോധിച്ച് അംഗീകരിച്ചിട്ടുണ്ടെന്ന് ഡിഎംഒ കെ പി റീത്ത അറിയിച്ചു. കലക്‍ടർ ഡി ബാലമുരളിയുടെ അധ്യക്ഷതയിൽ ചേർന്ന ബ്ലോക്ക്‌, താലൂക്കുതല മെഡിക്കൽ ഓഫീസർമാരുടെ യോഗത്തിലാണ് ആന്റിജെൻ‌ ടെസ്‌റ്റ്‌ നടത്താൻ തീരുമാനിച്ചത്‌. Read on deshabhimani.com

Related News