ഉണർന്ന്‌ സ്കൂള്‍ വിപണി

സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി കടയിൽ ബാഗ് വാങ്ങാനെത്തിയ കുട്ടി ഫോട്ടോ: പി വി സുജിത്


പാലക്കാട് രണ്ട് വർഷത്തെ കോവിഡ് പ്രതിസന്ധിക്ക്‌ ശേഷം ജൂൺ ഒന്നിന് സ്കൂൾ തുറക്കുമ്പോൾ പുത്തൻ ബാഗും കുടകളും പുത്തനുടുപ്പുമായി പഴയപോലെ സ്കൂളിൽ പോകാനുള്ള തയ്യാറെടുപ്പിലാണ് വിദ്യാർഥികൾ. യൂണിഫോമും പുസ്തകങ്ങളും സ്കൂളിൽനിന്ന് നേരത്തെ വിതരണം തുടങ്ങി. സ്കൂൾ തുറക്കാൻ ആഴ്ചകൾ മാത്രം ശേഷിക്കെ സ്‌കൂൾ വിപണിയും സജീവമായി.  മഴ നേരത്തേ തുടങ്ങിയതോടെ കുട വിപണിയിലാണ് ആദ്യം ചലനമുണ്ടായത്. ഇത്തവണ സ്കൂൾ തുറക്കലിനുള്ള ഒരുക്കവും മഴയും നേരത്തെ വന്നതോടെ വിവിധതരം കുടകൾക്ക് ആവശ്യക്കാരായി. വിവിധ നിറത്തിലും ചിത്രങ്ങൾ ആലേഖനം ചെയ്തതുമായ കുടകളാണ് വിദ്യാർഥികൾ തേടിയെത്തുന്നത്. പല കടകളിലും ഇത്തരം കുടകളുടെ പ്രത്യേക ശേഖരമുണ്ട്.  ബാ​ഗ്, നോട്ട്ബുക്ക് എന്നിവയുടെ വിപണി സജീവമാകുന്നതെയുള്ളു. വരും ദിവസങ്ങളിൽ ഇവിടെ വലിയ തിരക്ക് പ്രതീക്ഷിക്കുന്നു. വ്യത്യസ്തയിനം ബാ​ഗുകൾ വിപണിയിൽ എത്തിയിട്ടുണ്ട്. കാർട്ടൂൺ കഥാപാത്രങ്ങൾ, സൂപ്പർ ഹീറോകൾ ചിത്രങ്ങളുള്ള ബാ​ഗുകൾ കുരുന്നുകളെ കാത്തിരിക്കുന്നു. കോളേജ് വിദ്യാർഥികൾ തേടിയെത്തുന്ന ചെ​ഗുവേരയുടെ ചിത്രങ്ങളുള്ള ബാ​ഗുകളും വിപണിയിലുണ്ട്. കഴിഞ്ഞ വർഷം ഒക്‌ടോബറിൽ സ്കൂൾ തുറ‍ന്നെങ്കിലും എല്ലാവരും സ്കൂളിൽ എത്തിയിരുന്നില്ല.  അധ്യാപകർ പല കുറിപ്പുകളും വാട്ട്‌സാപ്പിലൂടെയാണ്‌ ഇപ്പോഴും കൈമാറുന്നത്. മൊബൈൽ, ടാബ്‌ എന്നിവയുടെ വിപണിയിലും ചലനമുണ്ടാകുമെന്നാണ് പ്രതീക്ഷ. കൺസ്യൂമർഫെഡും സപ്ലൈകോയും പ്രത്യേക സ്കൂൾ വിപണി തുടങ്ങുന്നതും ആലോചിക്കുന്നുണ്ട്. 22ന് ശേഷം ഇതിനായി പ്രത്യേക സ്റ്റാളുകൾ ഒരുക്കും. വിലക്കുറവിൽ ബാ​ഗും കുടയും നോട്ട്ബുക്കുമെല്ലാം വിദ്യാർഥികളിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് സർക്കാരും. Read on deshabhimani.com

Related News