തൊഴിൽപരിശീലനത്തിന്‌ സഹ. സംഘം വായ്‌പ



പാലക്കാട്‌ വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും സാങ്കേതിക–- വൈജ്ഞാനിക മേഖലകളിൽ കൂടുതൽ മികവ്‌ ലഭിക്കാനും ഉയർന്ന തൊഴിൽ നേടാനും പരിശീനത്തിനായി സഹകരണ സംഘങ്ങൾ വഴി വായ്‌പ ലഭ്യമാക്കും. എൽഡിഎഫ്‌ സർക്കാരിന്റെ മൂന്നാം നൂറുദിന കർമ പരിപാടിയുടെ ഭാഗമായാണ്‌  ‘നൈപുണ്യം’ എന്ന പേരിൽ വായ്‌പ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്‌. അസാപ്‌, കാസെ, ഒഡെപെക്‌, ഗിഫ്‌റ്റ്‌ തുടങ്ങിയ സ്ഥാപനങ്ങൾ നടത്തുന്ന വിവിധ കോഴ്‌സുകളിൽ വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും പരിശീലനം തേടുന്നതിനാണ്‌ കോഴ്‌സ്‌ ഫീസായി വായ്‌പ അനുവദിക്കുന്നത്‌. സകരണ സംഘങ്ങൾ, ബാങ്കുകൾ, പ്രാഥമിക കാർഷിക സംഘങ്ങൾ എന്നിവ മുഖേനയാണ്‌ വായ്‌പ നൽകുക. വിദ്യാർഥിയും രക്ഷിതാവും കൂട്ടായി വേണം വായ്‌പയ്‌ക്ക്‌ അപേക്ഷിക്കേണ്ടത്‌.  ഫീസോ, ഫീസിനത്തിൽ പരമാവധി ഒന്നര ലക്ഷം രൂപയോ ഏതാണ്‌ കുറവ്‌ ആയത്‌ മാത്രമേ അനുവദിക്കു. 10 ശതമാനം പലിശയായിരിക്കും ഈടാക്കുക.  കോഴ്‌സ്‌ തീർന്ന്‌ ആറ്‌ മാസത്തിന്‌ ശേഷമോ, ജോലി ലഭിച്ച്‌ മൂന്ന്‌ മാസത്തിന്‌ ശേഷമോ ഏതാണ്‌ ആദ്യം വരുന്നത്‌ അന്നുമുതൽ വായ്‌പ തുക തിരിച്ചടയ്‌ക്കണം. രക്ഷിതാവിന്റെ ശമ്പള സർട്ടിഫിക്കറ്റോ, അതില്ലാത്ത പക്ഷം ഉദ്യോഗാർഥിയുടേയോ, രക്ഷാകർത്താവിന്റേയോ പേരിലുള്ള വസ്‌തുവിന്റെ ഏറ്റവും പുതിയ കരമടച്ച രസീത്‌, പ്രമാണത്തിന്റെ പകർപ്പ്‌ എന്നിവയുടെ അടിസ്ഥാനത്തിൽ ഇരുവരുടേയും സ്വന്തം ജാമ്യത്തിലായിരിക്കും വായ്‌പ അനുവദിക്കുക.  36 മാസമായിരിക്കും തിരിച്ചടവ്‌ കാലാവധി. അപേക്ഷയിൽ 15 ദിവസത്തിനകം തീരുമാനമെടുക്കണം. അപേക്ഷകർ താമസിക്കുന്ന പ്രദേശം പ്രവർത്തനപരിധിയായി വരുന്ന പ്രാഥമിക കാർഷിക വായ്‌പാ സഹകരണ സംഘങ്ങളിലാണ്‌ അപേക്ഷിക്കേണ്ടത്‌.  നിലവിൽ ഇത്തരം വായ്‌പകൾ അനുവദിക്കുന്നതിന്‌ സംഘം നിയമാവലിയിൽ വ്യവസ്ഥയില്ലങ്കിൽ അടുത്തുകൂടുന്ന പൊതുയോഗത്തിൽ വ്യവസ്ഥ ഉൾപ്പെടുത്തി ബൈലോ ഭേദഗതി വരുത്താൻ സർക്കാർ നിർദേശം നൽകിയിട്ടുണ്ട്‌. Read on deshabhimani.com

Related News