തട്ടിക്കൂട്ട്‌ ജില്ലാ സമ്മേളനം 
യൂത്ത്‌ കോൺഗ്രസിൽ പൊട്ടിത്തെറി



പാലക്കാട്  യൂണിറ്റ്‌, മണ്ഡലം, ബ്ലോക്ക്‌ സമ്മേളനങ്ങൾ പൂർത്തിയാക്കാതെ ധൃതിപിടിച്ച്‌ നടത്തുന്ന യൂത്ത്‌കോൺഗ്രസ്‌ ജില്ലാസമ്മേളനത്തിനെതിരെ സംഘടനയിൽ പൊട്ടിത്തെറി. സംസ്ഥാന പ്രസിഡന്റിന്റെ ഇഷ്ടക്കാരെ ഭാരവാഹിയാക്കാനാണ്‌  ‘തട്ടിക്കൂട്ട്‌’ ജില്ലാ സമ്മേളനമെന്നാണ്‌ മറുവിഭാഗത്തിന്റെ വാദം. സമൂഹമാധ്യമങ്ങളിലൂടെ ഇവർ പ്രതിഷേധം അറിയിക്കാനും തുടങ്ങി.   12 ബ്ലോക്കുകളിൽ അഞ്ചിടത്ത്‌ മാത്രമാണ്‌ സമ്മേളനം നടന്നത്‌. 99 മണ്ഡലങ്ങളിൽ 38 മണ്ഡലം സമ്മേളനം മാത്രം നടന്നു. ബാക്കി സ്ഥലങ്ങളിലൊന്നും സംഘടനയില്ല. അവിടെ കമ്മിറ്റികൾ ഉണ്ടാക്കാനോ, ഭാരവാഹികളെ നിശ്‌ചയിക്കാനോ ശ്രമിക്കാതെ നേരെ ജില്ലാ സമ്മേളനത്തിലേക്ക്‌ കടന്നത്‌ നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്ന്‌ ഇവർ ആരോപിക്കുന്നു. ജില്ലാ സമ്മേളനത്തിന്റെ ഭാ​ഗമായി നടത്തിയ വനിതാ സം​ഗമത്തിൽ 25 പേരാണ്‌ ആകെ പങ്കെടുത്തത്. ജില്ലയിലെ 99 മണ്ഡലം കമ്മിറ്റികളിൽ ഒരു മണ്ഡലത്തിൽ ശരാശരി 20 യൂണിറ്റ് കമ്മിറ്റികൾ ഉണ്ടാക്കണമെന്നാണ് യൂത്ത് കോൺ​ഗ്രസിന്റെ രീതി. ഇതിന്റെ പകുതി പോലും യൂണിറ്റ് ഉണ്ടാക്കിയിട്ടില്ല.    പല പ്രശ്നങ്ങളുടെയും പേരിൽ 23 യൂത്ത് കോൺ​ഗ്രസ് ജില്ലാ ഭാരവാഹികളെ പുറത്താക്കിയിരുന്നു. ഇവരുടെ പ്രശ്നം കേൾക്കാനോ പരിഹരിക്കാനോ നേതൃത്വം തയ്യാറായിട്ടില്ല. ഇതിനിടയിലാണ് സമ്മേളനത്തിന് തയ്യാറാകുന്നത്. സമ്മേളനങ്ങൾ പൂർത്തിയാക്കിയില്ലെങ്കിലും ഓരോ മണ്ഡലത്തിൽനിന്നും 25,000 രൂപ വീതം ജില്ലാ സമ്മേളന നടത്തിപ്പിന് പിരിക്കാനാണ് നേതൃത്വം ശ്രമിക്കുന്നത്. 17ന്‌ പിരായിരിയിൽ രക്തദാന ക്യാമ്പോടെയാണ് സമ്മേളനം തുടങ്ങുന്നത്. 19ന്‌ യുവജനറാലിയും പൊതുസമ്മേളനവും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഉദ്‌ഘാടനം ചെയ്യും. Read on deshabhimani.com

Related News