അതീവ ജാഗ്രത: ചികിത്സാകേന്ദ്രങ്ങൾ തുറന്നേക്കും



പാലക്കാട്  കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ്‌ പ്രതിരോധപ്രവർത്തനം ഊർജിതമാക്കി. ദിവസവും രോഗികളുടെ എണ്ണം അഞ്ഞൂറിനുമുകളിലേക്ക് ഉയർന്നതിനാൽ കിടത്തിച്ചികിത്സാസൗകര്യം വർധിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.  ഒരു ശതമാനത്തിൽവരെ താഴ്‌ന്നിരുന്ന രോഗസ്ഥിരീകരണനിരക്ക്‌ ഒരാഴ്‌ചയ്‌ക്കിടെ 18 ശതമാനത്തിലേക്ക്‌ ഉയർന്നു. പാലക്കാട് ഗവ. മെഡിക്കൽ കോളേജ്, കഞ്ചിക്കോട് കിൻഫ്ര എന്നിവിടങ്ങളിൽ കോവിഡ് ചികിത്സാകേന്ദ്രം പുനരാരംഭിക്കാൻ ധാരണയായി. ജില്ലാ ആശുപത്രിയിൽ കോവിഡിനുമാത്രം  24 വീതം ഐസിയു, വെന്റിലേറ്റർ കിടക്കകളുണ്ട്. ഗുരുതരമായി കോവിഡ് ബാധിക്കുന്നവരുടെ എണ്ണം വർധിച്ചാൽ കിടക്കയുടെ എണ്ണം ആനുപാതികമായി ഉയർത്തും. സർക്കാർ,---- സ്വകാര്യ ആശുപത്രികളിൽ ഐസിയു, വെന്റിലേറ്ററുകളിൽ ചികിത്സയിലിരുന്ന രോഗികളുടെ എണ്ണം കഴിഞ്ഞ വർഷം ഓണക്കാലത്തിനുശേഷം വർധിച്ചിരുന്നു. എം പാനൽ ചെയ്തിരുന്ന സ്വകാര്യ ആശുപത്രി കിടക്കകളും നിറഞ്ഞിരുന്നു.  ഒക്ടോബറിനുശേഷം രോഗികൾ കുറഞ്ഞതോടെ ഒന്നാംതല, രണ്ടാംതല ചികിത്സാകേന്ദ്രങ്ങൾ, ഗൃഹവാസ പരിചരണകേന്ദ്രങ്ങൾ എന്നിവ നിർത്തി. കിൻഫ്രയിൽ മാത്രമാണ് ചികിത്സയിൽ രോഗികളുണ്ടായിരുന്നത്. രോഗികൾ ഇല്ലാതായതോടെ നവംബറിൽ കിൻഫ്രയും അടച്ചു.  പുതുവർഷത്തിൽ ഒമിക്രോൺ വ്യാപിക്കുന്നതും ഭീഷണിയായി. അതീവ ജാഗ്രതയിലേക്ക്‌ പോകേണ്ട സാഹചര്യം കണക്കിലെടുത്ത്‌ സ്‌കൂളുകൾ 21 മുതൽ അടയ്‌ക്കും. വിവാഹങ്ങൾ ഉൾപ്പെടെയുളള ചടങ്ങുകളിൽ പങ്കെടുക്കുന്നവരുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തി.  കോവിഡ്‌ ബാധിച്ച്‌ വീടുകളിൽ സമ്പർക്കവിലക്കിൽ കഴിയുന്നവരുടെയോ കുടുംബാംഗങ്ങളുടെയോ ജാഗ്രതക്കുറവ് കോവിഡ് കൂടുതൽ പേരിലേക്ക് പകരുന്നതിന് ഇടയാക്കുമെന്നും ജാഗ്രതയാണ്‌ അനിവാര്യമെന്ന്‌ ആരോഗ്യവകുപ്പ് അധികൃതർ മുന്നറിയിപ്പ്‌ നൽകി. Read on deshabhimani.com

Related News