കോന്നല്ലൂർ ഗ്രാമത്തിന്റെ 
നൊമ്പരമായി സൂര്യപ്രിയ



വടക്കഞ്ചേരി നാട്ടുകാരുടെ ഏത്‌ ആവശ്യത്തിനും ഒരു വിളിപ്പുറത്ത് ഓടിയെത്തുന്ന സൂര്യപ്രിയയുടെ വേർപാടിന്റെ നൊമ്പരത്തിലാണ് കോന്നല്ലൂർ ഗ്രാമം. നാടിന്റെ ഏതാവശ്യത്തിനും ചുറുചുറുക്കോടെ മുന്നിലെത്തുന്ന സൂര്യപ്രിയ കൊല്ലപ്പെട്ടുവെന്നത്‌ ഉൾക്കൊള്ളാൻ ഇനിയും ചിറ്റിലഞ്ചേരിക്കായിട്ടില്ല. ഡിവൈഎഫ്ഐ ആലത്തൂർ ബ്ലോക്ക് കമ്മിറ്റി അംഗമായ സൂര്യപ്രിയ കൊല്ലപ്പെടുന്നതിന്‌ മുമ്പുവരെ സ്വാതന്ത്ര്യദിനത്തിൽ നടക്കുന്ന ഫ്രീഡം സ്ട്രീറ്റ് വിജയിപ്പിക്കാനുള്ള പ്രവർത്തനത്തിലായിരുന്നു. പഠനകാലത്തുതന്നെ പൊതുപ്രവർത്തനത്തിൽ സജീവമായി. ആലത്തൂർ കോ–-ഓപ്പറേറ്റീവ് കോളേജിൽനിന്ന് ബിരുദ പഠനം പൂർത്തിയാക്കി. സിപിഐ എം കൈതോണ്ട ബ്രാഞ്ചംഗം, ഡിവൈഎഫ്ഐ ചിറ്റിലഞ്ചേരി മേഖലാ വൈസ് പ്രസിഡന്റ്‌, കോന്നല്ലൂർ യൂണിറ്റ് സെക്രട്ടറി, മേലാർകോട് പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുകയായിരുന്നു. ചെറുപ്പത്തിൽ തന്നെ വാർഡ്‌ സിഡിഎസ്‌ അംഗമായെന്ന സവിശേഷത സൂര്യപ്രിയയുടെ പ്രവർത്തനമികവിനുള്ള അംഗീകാരമായിരുന്നു. മുത്തച്ഛൻ മണിയും അമ്മ ഗീതയും അമ്മാവൻ രാധാകൃഷ്ണനുമൊരുമിച്ചാണ് താമസം. അമ്മയും അമ്മാവനും പകൽ ജോലിക്ക് പോയി. മുത്തച്ഛൻ ചായ കുടിക്കാൻ പുറത്തുപോയ സമയത്താണ് കൊലപാതകം നടന്നത്. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ വി ചെന്താമരാക്ഷൻ, ടി എം ശശി, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് ആർ ജയദേവൻ എന്നിവർ സൂര്യപ്രിയയുടെ വീട്ടിലെത്തി.   Read on deshabhimani.com

Related News