മേളയിൽ തിളങ്ങി ചിരട്ട



പാലക്കാട്  ചിരട്ട ഉൽപ്പന്നങ്ങളുടെ ശേഖരമാണ് ഹരിതകർമസേന ജില്ലാ സംഗമത്തിന്റെ ഭാഗമായി ഒരുക്കിയ പ്ലാസ്റ്റിക് ബദൽ ഉൽപ്പന്ന പ്രദർശനമേളയിലെ പ്രധാന ആകർഷണം. കൊടുമ്പ് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലാണ് ഹരിതകേരളം, ശുചിത്വമിഷൻ, കുടുംബശ്രീ എന്നിവയുടെ ആഭിമുഖ്യത്തിൽ   പ്രദർശനം ഒരുക്കിയത്. ചിരട്ട ‘വൈവിധ്യം’ കാണാൻ നിരവധിപേരാണ് എത്തുന്നത്. കോട്ടായി കരിയങ്കോട് ലക്ഷ്മി, കുഞ്ചു ദമ്പതികളാണ് മനോഹരമായ രൂപങ്ങൾ ചിരട്ടയിൽ ഉണ്ടാക്കുന്നത്. സംസ്ഥാനത്തിന് അകത്തും പുറത്തും നിരവധി ആവശ്യക്കാരാണ് ഇവരുടെ ഉൽപ്പന്നത്തിനുള്ളത്. 2004 മുതലാണ് ഇവർ ചിരട്ട ഉൽപ്പന്നങ്ങളുടെ നിർമാണം ആരംഭിച്ചത്.  കുക്കറിൽ ഉപയോഗിക്കാവുന്ന മുളകൊണ്ടുള്ള പുട്ട് കുറ്റി ഉൾപ്പടെ വിവിധ തരം പ്ലാസ്റ്റിക് ബദൽ ഉൽപ്പന്നങ്ങളാണ് പ്രദർശന നഗരിയിലുള്ളത്‌. മൺഗ്ലാസ്, മൺചട്ടി, മൺകുടം എന്നിവയുമുണ്ട്. ഹരിതകർമസേനാംഗങ്ങൾ സ്വയംതൊഴിലിന്റെ ഭാഗമായി നിർമിക്കുന്ന ഉത്പന്നങ്ങളാണ് പ്രദർശനത്തിലേറെയും.  സോപ്പുകൾ, തുണികൊണ്ടുള്ള ചവിട്ടി, സിഎഫ്എൽ, എൽഇഡി ബൾബുകൾ, കുട, ചകിരി ഉൽപ്പന്നങ്ങൾ, വിഗ്രഹങ്ങൾ, തുണിബാഗുകൾ എന്നിവയുമുണ്ട്. മുണ്ടൂർ ഐആർടിസി ശുചിത്വമാലിന്യ ഉപാധികൾ പരിചയപ്പെടുത്തുന്നതിന് പ്രത്യേകസ്റ്റാളും ഒരുക്കിയിട്ടുണ്ട്. മാലിന്യമുക്തകേരളം എന്ന ലക്ഷ്യം പൂർത്തീകരിക്കുന്നതിന്റെ ഭാഗമായാണ്‌ ജില്ലാസംഗമം സംഘടിപ്പിക്കുന്നത്‌. കൊടുമ്പ് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടക്കുന്ന ത്രിദിന പരിപാടിയുടെ ആദ്യദിനം പ്ലാസ്റ്റിക് ബദൽ ഉൽപ്പന്ന പ്രദർശനമേള തുടങ്ങി. മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ബിജോയ് ഉദ്ഘാടനം ചെയ്‌തു. കൊടുമ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം കെ ശാന്ത അധ്യക്ഷയായി.  സ്ഥിരംസമിതി അധ്യക്ഷൻ എസ് ഗുരുവായൂരപ്പൻ, വാർഡ് അംഗം സി ചന്ദ്രൻ, നവകേരളം കർമപദ്ധതി ജില്ലാ കോ–--ഓർഡിനേറ്റർ വൈ കല്യാണകൃഷ്ണൻ, ശുചിത്വമിഷൻ ജില്ലാ കോ-–-ഓർഡിനേറ്റർ ടി ജി അഭിജിത്, കുടുംബശ്രീ ജില്ലാ മിഷൻ കോ- –-ഓർഡിനേറ്റർ ബി എസ് മനോജ്, ജില്ലാ ശുചിത്വമിഷൻ അസിസ്റ്റന്റ് കോ–--ഓർഡിനേറ്റർ സി ദീപ, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് ജനറൽ എക്സ്റ്റൻഷൻ ഓഫീസർ എം വി ബിജു എന്നിവർ സംസാരിച്ചു.  പ്രദർശനമേളയുടെ ഭാഗമായി ഹരിതമിത്രം സ്മാർട്ട് ഗാർബേജ് സിസ്റ്റം ജില്ലാ ഉദ്ഘാടനം വ്യാഴാഴ്ച നടക്കും. രാവിലെ 10ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോൾ ഉദ്ഘാടനം ചെയ്യും.  Read on deshabhimani.com

Related News