കൊടുമുണ്ട സ്റ്റേഷൻ 
പുനഃസ്ഥാപിക്കാനാവില്ലെന്ന് റെയിൽവേ



പട്ടാമ്പി പൂട്ടിയ കൊടുമുണ്ട റെയിൽവേ സ്‌റ്റേഷൻ വീണ്ടും തുറന്ന്‌ പ്രവർത്തിക്കാൻ ആവില്ലെന്ന് വ്യക്തമാക്കി മുതുതല പഞ്ചായത്ത് പ്രസിഡന്റിന് പാലക്കാട് റെയിൽവേ ഡിവിഷൻ മാനേജറുടെ കത്ത്.  റെയിൽവേ സ്റ്റേഷൻ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ്‌ എ ആനന്ദവല്ലി പാലക്കാട് റെയിൽവേ ഡിവിഷൻ മാനേജർക്ക് ആഗസ്‌ത്‌ മൂന്നിന് കത്തയച്ചിരുന്നു. സർവകക്ഷി സമരവും നടത്തി. കോവിഡ്‌ കാലത്താണ്‌ സ്‌റ്റേഷൻ അടച്ചത്‌. യാത്രക്കാരുടെ കുറവും വരുമാനമില്ലാത്തതുമാണ്‌ അടയ്‌ക്കാനുള്ള കാരണമെന്ന്‌ കത്തിൽ പറയുന്നു. റെയിൽവേ ബോർഡിന്റെ നയമനുസരിച്ച് പ്രതിദിനം ശരാശരി 50ൽ താഴെ യാത്രക്കാർ മാത്രമുള്ള സ്റ്റേഷനുകൾ പൂട്ടാൻ നിർദേശമുണ്ട്‌.  കൊടുമുണ്ടയിൽനിന്ന് 4.78 കിലോമീറ്റർ അകലെയാണ് പട്ടാമ്പി സ്റ്റേഷൻ. മിക്ക ട്രെയിനുകൾക്കും പട്ടാമ്പിയിൽ സ്റ്റോപ്പുണ്ട്. കൊടുമുണ്ടയിൽനിന്ന് പട്ടാമ്പിയിലേക്ക് പതിവായി ബസുണ്ട്‌. അത്‌ ഉപയോഗപ്പെടുത്താണ്‌ റെയിൽവേയുടെ നിർദേശം. എന്നാൽ സ്റ്റേഷനിൽനിന്ന് ടിക്കറ്റെടുക്കുന്നവരുടെ എണ്ണംമാത്രം നോക്കി തീരുമാനമെടുക്കുന്നത് ശരിയല്ലെന്നും സീസൺ ടിക്കറ്റെടുത്ത് കൊടുമുണ്ടയിൽനിന്ന് യാത്ര ചെയ്യുന്നവരും ഇവിടെ ഇറങ്ങുന്നവരുമായ യാത്രക്കാരെക്കുറിച്ച്‌ റെയിൽവേ മൗനം പാലിക്കുകയാണെന്നും നാട്ടുകാർ പറയുന്നു. മുതുതല, പരുതൂർ പഞ്ചായത്തുകളിലെ നിരവധി പേർ കൊടുമുണ്ടയിൽവന്ന് ട്രെയിനിൽ യാത്ര ചെയ്യുന്നുണ്ട്. ഇതെല്ലാം മറച്ചുവച്ചാണ്‌ റെയിൽവേ അധികൃതരുടെ മറുപടി. റെയിൽവേയുടെ നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രി, സംസ്ഥാന ഗതാഗത മന്ത്രി, വി കെ ശ്രീകണ്ഠൻ എംപി,  മുഹമ്മദ് മുഹസിൻ എംഎൽഎ എന്നിവർക്ക്‌ ജനങ്ങൾ ഒപ്പിട്ട പരാതിയും പഞ്ചായത്ത്‌ പ്രസിഡന്റിന്റെ നിവേദനവും നൽകി. Read on deshabhimani.com

Related News