സ്വപ്-നക്കുതിപ്പ്...

മെഡല്‍ നേട്ടത്തിന് ശേഷം പാരിസിലെ കാണികള്‍ക്കൊപ്പം 
സെല്‍ഫിയെടുക്കുന്ന ശ്രീശങ്കര്‍


പാലക്കാട് പുലർച്ചെ ഒന്നരയായിട്ടും യാക്കരയിലെ ശ്രീശങ്കറിന്റെ വീട്ടിൽ പകലിനെ വെല്ലുന്ന ആവേശമായിരുന്നു. പാരിസ് ഡയമണ്ട് ലീഗിൽ പുരുഷ വിഭാഗം ലോങ്ജമ്പിൽ പാലക്കാടിന്റെ ശ്രീ ചാടുകയാണ്‌. ടിവിയിൽ കണ്ണുനട്ടിരിക്കുന്നവരുടെ മനസ്സിലെ പിരിമുറുക്കം മുഖത്തും പ്രകടം. ഉറങ്ങാതെയിരിക്കുന്ന അമ്മ കെ എസ് ബിജിമോളുടെയും കുടുംബാം​ഗങ്ങളുടെയും പാരീസിലെ കളത്തിനുപുറത്തുള്ള പരിശീലകൻ കൂടിയ അച്ഛൻ എസ്‌ മുരളിയുടെയും സ്വപ്‌നത്തിലേക്ക്‌ ശ്രീ കുതിച്ചു.  മൂന്നാം ശ്രമത്തിൽ മെഡൽ ഉറപ്പായതോടെ ചരിത്രനിമിഷം വീട്ടുകാർ ആഘോഷിച്ചുതുടങ്ങി. ശ്രീശങ്കറും അച്ഛനും സെൽഫിയെടുത്ത്‌ ആഘോഷത്തിൽ പങ്കാളികളായി. പാരിസ് ഡയമണ്ട് ലീഗിൽ ജമ്പ്‌ ഇനത്തിൽ മെ‍ഡൽ നേടുന്ന ആദ്യഇന്ത്യൻ താരമാണ്‌ ശ്രീശങ്കർ. ശ്രീശങ്കറിന്റെ രണ്ടാമത്തെ ഡയമണ്ട് ലീ​ഗ് മത്സരമാണിത്. കഴിഞ്ഞ  ആഗസ്‌തിൽ മൊണാക്കോ ഡയമണ്ട് ലീഗിൽ ആറാം സ്ഥാനത്തായിരുന്നു.  കഴിഞ്ഞവർഷം ബർമിങ്ങാമിൽ നടന്ന കോമൺവെൽത്ത് ഗെയിംസിലും വെള്ളി നേടി. അടുത്ത ഒളിമ്പിക്സ് പാരിസിൽ ആയതിനാൽ ഡയമണ്ട് ലീ​ഗ് പ്രധാനപ്പെട്ടതാണെന്ന് ശ്രീശങ്കർ നേരത്തെ പറഞ്ഞിരുന്നു. അതിനാൽ നേരത്തെതന്നെ പാരിസിലെത്തി.  2022 മെയിൽ ​ഗ്രീസിൽ നടന്ന വെനിസെലിയ–- ചാനിയ മീറ്റിൽ രണ്ട് സ്വർണം നേടി. കഴിഞ്ഞ വർഷം സെർബിയയിലെ ബെൽ​ഗ്രേഡിൽ നടന്ന ചാമ്പ്യൻഷിപ്പിലും പങ്കെടുത്തു. വീടിനുസമീപത്ത് വീട്ടുകാർ നിർമിച്ച് നൽകിയ ജിമ്മിലാണ് പരിശീലനം. മുരളി പരിശീലകനായി മുഴുവൻ സമയം മകന്റെയൊപ്പമുണ്ട്. യാക്കരയിലെ വീട്ടിലേക്ക് ഒളിമ്പിക്‌സ്‌ മെഡൽ എത്തിക്കാനുള്ള കഠിനപ്രയ്തനത്തിലാണ് ഇരുവരും. ശ്രീശങ്കറും മുരളിയും ഞായറാഴ്ച രാവിലെ വീട്ടിലെത്തും. Read on deshabhimani.com

Related News