കുഴികൾ പെരുകുന്നു ഒപ്പം ടോൾനിരക്കും

വടക്കഞ്ചേരി -മണ്ണുത്തി ദേശീയപാതയിലെ കുഴി


വടക്കഞ്ചേരി  വടക്കഞ്ചേരി –- മണ്ണുത്തി ദേശീയപാതയിൽ അനുദിനം കുഴികൾ പെരുകുകയാണ്‌. ആര്‌ അടയ്‌ക്കും എന്ന്‌ ചോദിച്ചാൽ ഉത്തരമില്ല. ഇതുവഴിയുള്ള ടോൾനിരക്കിനാണെങ്കിൽ കുറവുമില്ല. ഇടയ്‌ക്കിടെ വർധിപ്പിക്കുകയും ചെയ്യുന്നു. ദേശീയപാതാ അതോറിറ്റിയുടെയും കേന്ദ്ര സർക്കാരിന്റെയും കെടുകാര്യസ്ഥതയുടെ പര്യായമാണ് വടക്കഞ്ചേരി –- മണ്ണുത്തി ദേശീയപാത.  കരാർ കമ്പനിയുടെ അനാസ്ഥയെത്തുടർന്ന് ഒന്നരപ്പതിറ്റാണ്ടായിട്ടും ആറുവരിപ്പാതയുടെ നിർമാണം പൂർത്തിയായില്ല. സംസ്ഥാനത്തെ ചരക്ക് നീക്കത്തിനുള്ള പ്രധാന പാതയാണിത്‌. 2005ൽ സ്ഥലമേറ്റെടുക്കൽ തുടങ്ങിയിരുന്നു. നിരവധി തവണ കരാർ കമ്പനി കരാർവ്യവസ്ഥ ലംഘിച്ചിട്ടും നടപടിയെടുക്കാൻ കേന്ദ്രസർക്കാരോ, ദേശീയപാതാ അതോറിറ്റിയോ തയ്യാറായില്ല. ഒടുവിൽ നിർമാണം പൂർത്തിയാക്കുംമുമ്പ് പന്നിയങ്കരയിൽ ടോൾ പിരിക്കാനും അനുമതി നൽകി. ടോൾ പിരിവ് തുടങ്ങി അഞ്ചുമാസം പിന്നിട്ടിട്ടും റോഡ് തകർച്ച പരിഹരിക്കുകയോ നിർമാണം പൂർത്തിയാക്കുകയോ ചെയ്‌തില്ല. എന്നിട്ടും സംസ്ഥാനത്തെ ഉയർന്ന നിരക്കിലുള്ള ടോളാണ്‌ പിരിക്കുന്നത്‌.  നിർമാണം പൂർത്തിയാക്കിയശേഷം ദേശീയപാതാ അതോറിറ്റി അധികൃതർ പരിശോധിച്ച് സാക്ഷ്യപ്പെടുത്തിയെങ്കിൽ മാത്രമേ ടോൾ പിരിക്കാവൂ എന്നാണ്‌ വ്യവസ്ഥ. അതൊന്നും ഇവിടെ ബാധകമായില്ല. പണി പൂർത്തിയാക്കാതെ ടോൾ പിരിക്കരുതെന്ന് ഹൈക്കോടതിയും സംസ്ഥാന സർക്കാരും ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ദേശീയപാതാ അതോറിറ്റി പിരിവിന്‌ അനുമതി നൽകി.  വടക്കഞ്ചേരി മേൽപ്പാലം ഒന്നര വർഷംമുമ്പ് സുരക്ഷാ പരിശോധനയ്ക്കുശേഷം തുറന്നുകൊടുത്തെങ്കിലും ഇപ്പോഴും കുത്തിപ്പൊളിച്ച് പണി തുടരുന്നു. ടോൾ പിരിവ് ആരംഭിച്ചശേഷവും ദേശീയപാതയിൽ രൂപം കൊണ്ട വൻ കുഴികൾ അടയ്‌ക്കാനോ കുതിരാൻ തുരങ്കത്തിന് സമീപത്തുൾപ്പെടെ ബാക്കിയുള്ള പണി തീർക്കാനോ കരാർ കമ്പനി തയ്യാറായില്ല. കരാർ വ്യവസ്ഥ ലംഘിച്ചാലും ദേശീയപാതാ അതോറിറ്റി  നടപടി സ്വീകരിക്കില്ല എന്ന ധൈര്യമാണ്‌ കരാറുകാർക്കുള്ളത്‌.  പന്നിയങ്കരയിലെ ടോൾ കൊള്ളയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം ഇപ്പോഴും ഉയരുകയാണ്‌. 15 മുതൽ ചരക്കുലോറികൾ ടോൾ നൽകാതെ സർവീസ് നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. Read on deshabhimani.com

Related News