കാട്ടാനയുടെ ആക്രമണം: 
കുടുംബം രക്ഷപ്പെട്ടത്‌ തലനാരിഴയ്‌ക്ക്‌

ആനയുടെ മുന്നിൽനിന്ന് രക്ഷപ്പെട്ട റോസമ്മയും ഭർത്താവ് മണിയും


മലമ്പുഴ ഒറ്റയാന്റെ ആക്രമണത്തിൽനിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് കുടുംബം. അകമലവാരം മൂപ്പൻചോലയിൽ മണിയുടെ ഭാര്യ റോസമ്മയാണ്‌ കാട്ടാനയുടെ ആക്രമണത്തിൽനിന്ന്‌ രക്ഷപ്പെട്ടത്. ഭർത്താവ് മണിയുടെ അവസരോചിത ഇടപെടലാണ്‌ സഹായകമായത്‌. തിങ്കൾ പുലർച്ചെ നാലിന് വീടിന് പുറത്തുള്ള ശുചിമുറിയിലേക്ക് ഇറങ്ങിയതും കാട്ടാനയുടെ മുന്നിൽപ്പെടുകയായിരുന്നു. ആനയെ കണ്ടതും പുറകിലേക്ക് റോസമ്മ  മറിഞ്ഞ് വീണു.   നിലവിളികേട്ട് ഓടിയെത്തിയ മണി കൈപിടിച്ച് വീടിനുള്ളിലേക്ക് വലിച്ച് രക്ഷപ്പെടുത്തി. ഓടിയെത്തിയ ആന ആളിനെ പിടികിട്ടാത്തതിനാൽ മണ്ണുവാരി ചുമരിലേക്കെറിഞ്ഞു.   വീഴ്ചയിൽ റോസമ്മയുടെ കൈയ്യിന്‌ ചതവ് പറ്റിയെങ്കിലും  ജീവൻ കിട്ടിയ ആശ്വാസത്തിലാണ്. രണ്ടുദിവസം മുമ്പ് ഇവരുടെ വീടിന് സമീപത്തെത്തിയ ആന  രാജേന്ദ്രൻ, കെ ടി ജോൺ എന്നിവരുടെ വാഴത്തോട്ടം നശിപ്പിച്ചാണ് മടങ്ങിയത്. മുമ്പ് പൂക്കുണ്ട് ,കവ ഭാഗത്തെല്ലാം ആനയെത്തിയിട്ടുണ്ടെങ്കിലും ജനവാസ മേഖലയായ മുപ്പൻചോലയിൽ ആനയെത്തുന്നത് ആദ്യമാണ്‌. Read on deshabhimani.com

Related News