കൂസലില്ലാതെ മാങ്ങക്കൊമ്പൻ

മാങ്ങക്കൊമ്പൻ വ്യാഴാഴ്ച പകലിൽ മിനർവയിലെത്തി മാങ്ങ പറിക്കുന്നു


  അഗളി അട്ടപ്പാടിയിൽ മലയോര കർഷകർ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളിൽ പകലും സാന്നിധ്യമായി ‘മാങ്ങക്കൊമ്പൻ’. മിനർവ, ചുണ്ടകുളം, പെട്ടിക്കൽ പ്രദേശങ്ങളിലാണ് കാട്ടുകൊമ്പൻ ജനങ്ങളുടെ സ്വൈര്യജീവിതത്തിന് തടസ്സമാകുന്നത്. രണ്ടുപേരുടെ ജീവനെടുത്ത ആനയ്‌ക്ക് ജനങ്ങൾ തുരത്തിയോടിക്കാൻ ശ്രമിച്ചാലും കൂസലില്ല. പിന്നോട്ട് നടന്നശേഷം തിരിഞ്ഞുനിൽക്കും. ടോർച്ചടിക്കുകയോ ബഹളംവയ്ക്കുകയോ ചെയ്താൽ ആ ദിശയിലേക്ക് പാഞ്ഞടുക്കും, കൈയിൽ കിട്ടിയാൽ ശരിപ്പെടുത്തും. മാങ്ങയോടാണ് ഏറെ പ്രിയം. മാവുകണ്ടാൽ ഏത് വൈദ്യുതവേലിയും തകർത്തെത്തും. വൈദ്യുതവേലികളിൽ ഉണക്കമരം വലിച്ചിട്ട് അതിൽ ചവിട്ടിക്കയറി കമ്പികൾ പൊട്ടിച്ചാണ് കൃഷിയിടങ്ങളിലേക്ക് കടക്കുക.  പകൽസമയത്ത്‌ മിനർവയിലെ സുരേഷിന്റെ വീട്ടുമുറ്റത്ത് നിലയുറപ്പിച്ച ആന ബഹളംവച്ചപ്പോൾ കൃഷിയിടത്തിലേക്ക് മാറി. രാത്രിയിൽ മാവുകൾ തേടിയെത്തി മാങ്ങ തിന്നശേഷം മടങ്ങുന്നതാണ് പതിവ്. പകൽസമയം ജനവാസ മേഖലയിൽ ആന നിലയുറപ്പിക്കുന്നത് ആദ്യമാണ്. അന്തിയായാൽ പുലരുവോളം നാട്ടിലെ മാവുകൾ തേടി നടക്കും. കുലുക്കിയും തുമ്പിക്കൈകൊണ്ട് കൊമ്പുകൾ ഒടിച്ചും പരമാവധി മാങ്ങകൾ താഴെ വീഴ്‌ത്തും. വീണത്‌ പെറുക്കിയും മാറിക്കുലുക്കിയും ഒരിടത്ത്‌ ശേഖരിച്ചാണ്‌ തീറ്റ. ബാക്കിയുള്ളവ തിന്നാൻ പിന്നെയുമെത്തും.  മാങ്ങാ പ്രിയത്തിൽ കൃഷിയിടങ്ങളിൽനിന്ന്‌ ഇവ മടങ്ങാൻ കൂട്ടാക്കാത്തത്‌ നാട്ടുകാരുടെ ഉറക്കം കെടുത്തുന്നു. സ്വകാര്യ പറമ്പുകളിലും നിലച്ചുപോയ ജലസേചന പദ്ധതിയുടെ സ്ഥലങ്ങളിലും കറങ്ങി നടക്കുകയാണിപ്പോൾ. Read on deshabhimani.com

Related News