കോഴ നിയമനം: കിഴക്കഞ്ചേരി സഹ. ബാങ്കിലേക്ക്‌ നാളെ സിപിഐ എം മാർച്ച്‌



 കോഴ നിയമനം: കിഴക്കഞ്ചേരി സഹ. ബാങ്കിലേക്ക്‌ നാളെ സിപിഐ എം മാർച്ച്‌ വടക്കഞ്ചേരി കിഴക്കഞ്ചേരി സഹകരണ ബാങ്കിലെ യുഡിഎഫ്‌ ഭരണസമിതിയുടെ കോഴനിയമനം അന്വേഷിക്കണമെന്നാവശ്യപ്പെട്ട്‌ സിപിഐ എം  വെള്ളിയാഴ്‌ച ബാങ്കിലേക്ക്‌ മാർച്ച്‌ നടത്തും. കിഴക്കഞ്ചേരി 1, 2 ലോക്കൽ കമ്മിറ്റികൾ ചേർന്നാണ്‌ പ്രതിഷേധം. രാവിലെ 10ന് കുണ്ടുകാട്ടിൽനിന്ന്‌ പ്രകടനം തുടങ്ങും. തുടർന്ന്, പ്രതിഷേധയോഗം സംസ്ഥാന കമ്മിറ്റി അംഗം സി കെ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും.  കിഴക്കഞ്ചേരി ബാങ്കിൽ ഒഴിവുവരുന്ന മൂന്ന് തസ്തികയിലേക്കാണ് കോഴവാങ്ങി നിയമനം നടത്തുന്നത്.10 ലക്ഷം വീതം വാങ്ങി നിയമനം നടത്താൻ ധാരണയായതായി ബാങ്കിലെ ഒരു വിഭാഗം ഡയറക്ടർമാർതന്നെയാണ്‌ വെളിപ്പെടുത്തിയത്‌. ഇതിൽ പ്രതിഷേധിച്ച് കോൺഗ്രസ്‌ നേതാവായ ബാങ്ക് വൈസ് പ്രസിഡന്റ്‌, മുസ്ലിംലീഗ് അംഗമായ ബാങ്ക് ഡയറക്ടർ എന്നിവർ രാജിവച്ചിരുന്നു. ഒഴിവുള്ള തസ്‌തികകളിൽ അപേക്ഷ ക്ഷണിച്ച് പരീക്ഷ നടത്തിയെങ്കിലും ഇതെല്ലാം പ്രഹസനമാണെന്ന്‌ ഉദ്യോഗാർഥികളും പറയുന്നു. ഇത് സംബന്ധിച്ച് ഹൈക്കോടതിയിൽ ഉൾപ്പെടെ കേസ് ഫയൽ ചെയ്തിട്ടുണ്ട്.  ജില്ലാ കോൺഗ്രസ്‌ നേതൃത്വത്തിന്റെ അറിവോടെയാണ് ബാങ്കിലെ അഴിമതി നടക്കുന്നതെന്ന ആരോപണവും ശക്തമാണ്. കോഴയായി ലഭിക്കുന്ന തുകയുടെ മൂന്നിലൊന്ന് നേതൃത്വത്തിന് കൊടുക്കണം എന്നതാണ് വ്യവസ്ഥ. ആരോപണം ഉയർന്ന സാഹചര്യത്തിൽ അന്വേഷണത്തിന്‌ രണ്ടംഗ കമീഷനെ ചുമതലപ്പെടുത്തിയതായി ഡിസിസി അറിയിച്ചിരുന്നു. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് ആവശ്യപ്പെട്ടതെങ്കിലും 10 ദിവസം കഴിഞ്ഞിട്ടും അന്വേഷണം നടത്താനോ പരാതിക്കാരിൽനിന്ന്‌ മൊഴിയെടുക്കാനോ തയ്യാറായിട്ടില്ല. . Read on deshabhimani.com

Related News