മഴയെത്തിയില്ല; ആശങ്കയോടെ കർഷകർ



പാലക്കാട്‌ ജൂൺ പിറന്ന്‌ ഒരാഴ്‌ചയായിട്ടും മഴയെത്തിയില്ല. വിതച്ച നെന്മണികൾ മുളയ്‌ക്കുന്നുമില്ല, ആശങ്കയുടെ മുൾമുനയിൽ കർഷകർ. വേനൽമഴ പെയ്‌ത നനവിലും കുഴൽക്കിണറിൽനിന്ന്‌ വെള്ളമെടുത്ത്‌ നനച്ചും ഒന്നാംവിളയ്ക്ക്‌ പൊടിവിത നടത്തിയ കർഷകർക്ക്‌ കാലവർഷമെത്താത്തത്‌ തിരിച്ചടിയാവുന്നു. ഭൂരിഭാഗം കർഷകരും ഒന്നാംവിളയ്ക്ക് വയലൊരുക്കി വെള്ളത്തിനായി കാത്തിരിക്കുന്നു. 35,000 മുതൽ 40,000 വരെ ഹെക്ടർ പ്രദേശത്താണ്‌ സാധാരണ ഒന്നാംവിള നെൽകൃഷി ചെയ്യുന്നത്‌. ഞാറ്റടി തയ്യാറാക്കിയ കർഷകരും പറിച്ചു നടാൻ വെള്ളമില്ലാതെ ബുദ്ധിമുട്ടുന്നു. ഈ മാസം പകുതിയോടെയെങ്കിലും ഞാറ്റടി പറിച്ചു നട്ട്‌ ഒന്നാംവിള ഒരുക്കിയില്ലെങ്കിൽ രണ്ടാംവിള വൈകും. ശനിയാഴ്‌ചയോടെയെങ്കിലും മഴ പെയ്‌തില്ലെങ്കിൽ അണക്കെട്ടുകളിൽനിന്ന്‌ വെള്ളം തുറക്കേണ്ടിവരുമെന്ന്‌ കർഷകർ പറയുന്നു.  അണക്കെട്ടുകളിലെ വെള്ളം കരുതൽ ശേഖരത്തിലേക്ക്‌ അടുക്കുകയാണ്‌.  മലമ്പുഴയെയും ചിറ്റൂർപ്പുഴ പദ്ധതിയെയും ആശ്രയിച്ചാണ്‌ പ്രധാനമായും നെൽകൃഷി ചെയ്യുന്നത്‌. ഒന്നാംവിള സാധാരണ മഴയെ ആശ്രയിച്ചാണ്‌ ചെയ്യുക. ആവശ്യമെങ്കിൽ മാത്രം അണക്കെട്ടുകളെ ആശ്രയിക്കും. ചിറ്റൂർ മേഖലയിലെ കൃഷിക്കായി ആളിയാറിൽനിന്ന്‌ കരാർ പ്രകാരം വെള്ളം ലഭിക്കുന്നതിന്‌ സർക്കാർ ശക്തമായ ഇടപെടൽ നടത്തിയതിനെ തുടർന്ന്‌ ബുധനാഴ്‌ച കൂടുതൽ വെള്ളം ചിറ്റൂർപ്പുഴയിലേക്ക്‌ ഒഴുക്കി. ചിറ്റൂർ മേഖലയിൽ ഞാറ്റടി തയ്യാറാക്കി നടുകയാണ്‌ ചെയ്യുന്നത്‌. അടുത്ത ആഴ്‌ച വരെയെങ്കിലും വെള്ളം കിട്ടിയേ മതിയാവൂ.  87 ശതമാനം മഴക്കുറവ്‌ പാലക്കാട്‌ ജൂൺ ഒന്നുമുതൽ ഏഴുവരെ ജില്ലയിൽ 87 ശതമാനം മഴക്കുറവ്‌. ശരാശരി 70.5 മില്ലീമീറ്റർ മഴ ലഭിക്കേണ്ടിടത്ത്‌ പെയ്‌തത്‌ 9.5 മില്ലീമീറ്റർ മാത്രം. ഞായറാഴ്‌ച വരെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ചെറിയ മഴയ്‌ക്കുള്ള സാധ്യതയാണ്‌ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്നത്‌. ബുധൻ രാവിലെ എട്ടുവരെയുള്ള 24 മണിക്കൂറിൽ ജില്ലയിൽ പെയ്‌തത്‌ 6.07 മില്ലീമീറ്റർ മാത്രം മഴ. വേനൽമഴ ജില്ലയിൽ 35 ശതമാനം കുറവായിരുന്നു. 2018 ലെ മഹാപ്രളയ ശേഷം കാലാവസ്ഥയിൽ കാര്യമായ മാറ്റമുണ്ടായി. കഴിഞ്ഞ നാലു വർഷമായി ജൂലൈയിലാണ്‌ മഴ ശക്തമാവുന്നത്‌. എന്നാൽ ജൂണിൽ കൃഷിക്കാവശ്യമായ മഴ ലഭിക്കാറുണ്ട്‌. അണക്കെട്ടുകൾ വരളുന്നു വേനൽമഴ കുറഞ്ഞ്‌ കാലവർഷവും വൈകുന്നതോടെ അണക്കെട്ടുകൾ വരൾച്ചയിലേക്ക്‌. മലമ്പുഴ ഉൾപ്പെടെ ജില്ലയിലെ എല്ലാ അണക്കെട്ടുകളിലും കരുതൽ ശേഖരത്തിനടുത്തോ താഴെയോ ആണ്‌ ജലനിരപ്പ്‌. മഴ ശക്തമായി പെയ്‌തില്ലെങ്കിൽ അണക്കെട്ടിന്‌ പരിധിയിലുള്ള കുടിവെള്ള പദ്ധതികൾ പ്രതിസന്ധിയിലാവും. ഭാരതപ്പുഴ കുടിവെള്ള പദ്ധതിയിലേക്ക്‌ മലമ്പുഴയിൽ നിന്ന്‌ വെള്ളം നൽകേണ്ടി വന്നാൽ കൃഷിയ്‌ക്ക്‌ വെള്ളം കൊടുക്കൽ പ്രതിസന്ധിയാവും. കഴിഞ്ഞ വർഷത്തേക്കാൾ അണക്കെട്ടുകളിൽ വെള്ളം ഇത്തവണ കുറവാണ്‌. മലമ്പുഴയിൽ ആകെ സംഭരണ ശേഷിയുടെ 14 ശതമാനം വെള്ളമാണുള്ളത്‌. മംഗലം അണക്കെട്ടിൽ നാല്‌ ശതമാനം വെള്ളമേയുള്ളൂ. ചുള്ളിയാറിൽ 8 ശതമാനവും പോത്തുണ്ടിയിൽ 14 ശതമാനവും വാളയാറിൽ 25 ശതമാനവും മീങ്കരയിൽ 17 ശതമാനവും കാഞ്ഞിരപ്പുഴയിൽ 18 ശതമാനവും ശിരുവാണിയിൽ 29 ശതമാനവും വെള്ളം മാത്രമാണുള്ളത്‌.    അണക്കെട്ടുകളിലെ ജലനിരപ്പ്‌ ചുവടെ, അണക്കെട്ട്‌ 07–-06–-23 07–-06–-22 പരമാവധി ശേഷി (ദശലക്ഷം ഘനമീറ്ററിൽ) കാഞ്ഞിരപ്പുഴ 13.09 25.57 70.83 മീങ്കര 1.93 7.57 11.33 വാളയാർ 4.59 6.19 18.40 മലമ്പുഴ 32.57 74.62 226 പോത്തുണ്ടി 7.28 18.39 50.91 ചുള്ളിയാർ 1.04 4.46 13.70 മംഗലം 1.13 8.01 24.59 ശിരുവാണി 7.34 11.32 25.60     Read on deshabhimani.com

Related News