പോളണ്ടിൽ കൊല്ലപ്പെട്ട ഇബ്രാഹിമിന്റെ 
മൃതദേഹം നാളെ നാട്ടിലെത്തിക്കും



പുതുശേരി പോളണ്ടിൽ കുത്തേറ്റ്‌ മരിച്ച പുതുശേരി വൃന്ദാവൻ നഗർ സ്വദേശി എസ് ഇബ്രാഹിമിന്റെ മൃതദേഹം വ്യാഴാഴ്ച നാട്ടിലെത്തിക്കുമെന്ന് എംബസി അധികൃതർ ബന്ധുക്കളെ അറിയിച്ചു. പുലർച്ചെ 2.15ന്‌ ഖത്തർ എയർകാർഗോയിൽ മൃതദേഹം നെടുമ്പാശേരിയിലെത്തുമെന്നാണ്‌ വിവരം. ആറരയോടെ മൃതദേഹം പുതുശേരിയിലെ വീട്ടിലെത്തിക്കും.  വീട്ടിലെ പൊതുദർശനത്തിനുശേഷം പകൽ 11ന്‌ മേട്ടുപാളയം സ്ട്രീറ്റ്‌ അത്തർ ജമാഅത്ത് പള്ളി കബർസ്ഥാനിൽ ഖബറടക്കം. ജനുവരി 25നാണ്‌ പോളണ്ടിലെ ഐഎൻജി ബാങ്കിലെ ഐടി എൻജിനിയറായ  ഇബ്രാഹിം വാഴ്സയിലെ താമസസ്ഥലത്ത്‌ കൊല്ലപ്പെട്ടത്.  ഫ്ലാറ്റ്‌ ഉടമയുടെ കത്തിക്കുത്തേറ്റ്‌ കൊല്ലപ്പെട്ടെന്നാണ്‌ ബന്ധുക്കൾക്കു എംബസിയിൽനിന്നു ലഭിച്ച വിവരം. വൃന്ദാവൻ നഗറിൽ ഷെരീഫിന്റെയും റസിയാബാനുവിന്റെയും മകനായ ഇബ്രാഹിം പത്തുമാസം മുമ്പാണ്‌ പോളണ്ടിലേക്ക്‌ പോയത്‌. Read on deshabhimani.com

Related News