തത്തേങ്ങലത്ത് ആടിനെ പുലി ആക്രമിച്ചു



  മണ്ണാർക്കാട് പുലി ഭീതിയിൽനിന്ന്‌ മോചനമില്ലാതെ മലയോരത്തെ ജനങ്ങൾ. തത്തേങ്ങലത്ത് മൂച്ചിക്കുന്ന് പച്ചിരികാട്ടിൽ വീട്ടിൽ ഹരിദാസന്റെ ആടിനെ പുലി ആക്രമിച്ചു. ചൊവ്വ പകൽ മൂന്നിന്‌ വീടിനുസമീപത്തെ വാഴത്തോപ്പിൽ ആടിനെ മേയ്ക്കുന്നതിനിടെയാണ് ആക്രമണം. ഹരിദാസിന്റെ ഭാര്യ രമ ആടുകളെ മേയ്‌ക്കാൻ എത്തിയതായിരുന്നു. ആടിന്റെ കരച്ചിൽ കേട്ട് രമ ഓടിയെത്തിയെങ്കിലും പുലി ഓടി മറഞ്ഞു. ആടിന്റെ തുടയിൽ ആഴത്തിൽ മുറിവേറ്റു. ഉടൻതന്നെ ഹരിദാസ് മണ്ണാർക്കാട് മൃഗാശുപത്രിയിൽ എത്തിച്ച് ആടിന് ചികിത്സ നൽകി. മുറിവിൽ പത്ത്‌ തുന്നലുണ്ട്.  തത്തേങ്ങലം, കണ്ടമംഗലം, പുറ്റാനിക്കാട് മേഖലകളിലാണ് തുടർച്ചയായി പുലി വിഹരിക്കുന്നത്. ചൊവ്വ പുലർച്ചെ 5.30ന്‌ കണ്ടമംഗലത്ത് പുറ്റാനിക്കാട് പാൽസൊസൈറ്റിയിലേക്ക് പാലുമായി പോയ മുസ്തഫ രണ്ട്‌ പുലിക്കുട്ടികളെയും ഉച്ചയോടെ വീട്ടമ്മ വിജയലക്ഷ്മി പുലിയെയും കണ്ടിരുന്നു. ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യം ഉറപ്പായതോടെ ജനങ്ങളാകെ ഭീതിയിലാണ്. രണ്ടാഴ്ച മുമ്പ് പുലിയേയും കുഞ്ഞുങ്ങളേയും തത്തേങ്ങലത്ത് വഴിയാത്രക്കാർ കണ്ടിരുന്നു. ഒരാഴ്ച മുമ്പ് കണ്ടമംഗലത്ത് കുന്തിപ്പാടത്ത് ഒരു വീട്ടിലെ കോഴിക്കൂട്ടിൽ കുടുങ്ങി പുലി ചത്തതും ആശങ്കയുണ്ടാക്കി. പുലിശല്യം രൂക്ഷമായ മേഖലകളിലെല്ലാം വനം ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നുണ്ടെങ്കിലും മലയോരമേഖലയാകെ ഭീതിയിലാണ്. Read on deshabhimani.com

Related News