അട്ടപ്പാടി സന്ദർശനം പ്രവർത്തനം 
വിലയിരുത്താൻ: മന്ത്രി



തിരുവനന്തപുരം  അട്ടപ്പാടി സന്ദർശനം താഴെ തട്ടിലെ പ്രവർത്തനം വിലയിരുത്താനാണെന്നും വിവാദത്തിന്റെ ആവശ്യമില്ലെന്നും മന്ത്രി വീണാ ജോർജ്‌ പറഞ്ഞു. തലേദിവസമാണ്‌ സന്ദർശനം തീരുമാനിച്ചത്‌. അങ്കണവാടികൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനം ഊരുകളിൽ നേരിട്ടെത്തി വിലയിരുത്തി. ഗർഭിണികൾ, ആശാ, അങ്കണവാടി പ്രവർത്തകർ എന്നിവരുമായെല്ലാം സംസാരിച്ചു. കോട്ടത്തറ ട്രൈബൽ ആശുപത്രിയും സന്ദർശിച്ചു. ആശുപത്രി സൂപ്രണ്ടിന്റെ രാഷ്‌ട്രീയ വാദങ്ങളോട്‌ പ്രതികരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. ആശുപത്രികളുടെ പ്രവർത്തനം പരിശോധിക്കേണ്ട ഉത്തരവാദിത്വം മന്ത്രിയെന്ന നിലയിലുണ്ട്‌. ഇനിയും ഇത്തരം സന്ദർശനം ഉണ്ടാകും. അട്ടപ്പാടിക്കായി ഒരു പ്രത്യേക ഇടപെടൽ പദ്ധതിക്ക്‌ സർക്കാർ രൂപം നൽകുകയാണ്‌. 426  ഗർഭിണികൾ അട്ടപ്പാടി മേഖലയിലുണ്ട്‌. 218 പേർ ആദിവാസി വിഭാഗത്തിലും ഇതിൽ 191 പേർ ഉയർന്ന റിസ്ക്‌ വിഭാഗത്തിൽപ്പെട്ടവരുമാണ്‌. ഇവർക്ക് വ്യക്തിഗത പരിചരണം നൽകും.  അങ്കണവാടികൾ കേന്ദ്രീകരിച്ച്‌ ആശാ വർക്കർമാരെയും വിദ്യാസമ്പന്നരെയും കൂട്ടി "പെൺട്രിക കൂട്ടം' രൂപീകരിക്കും.' ഇവർ ആരോഗ്യസഹായങ്ങൾ നൽകും. ഉന്നത ഉദ്യോഗസ്ഥരുടെ നേരിട്ടുള്ള നിരീക്ഷണം അട്ടപ്പാടിക്കുണ്ടാകും.  ആരോഗ്യ ഡയറക്ടറുടെ ഉത്തരവിനെ മാധ്യമവിലക്കെന്ന തരത്തിൽ വ്യാഖ്യാനിക്കേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. മഹാമാരിക്കാലത്ത്‌ പല ജില്ലകളിലും വ്യത്യസ്ത വിവരമുണ്ടാകാം. അതിനാൽ ആശയവിനിമയം നടത്തി വിവരങ്ങൾ പങ്കുവയ്ക്കണമെന്നുമാത്രമാണ്‌ സർക്കുലറിലുള്ളത്‌. ജനിതക ശ്രേണീകരണം നടത്തുന്നു ഉയർന്ന റിസ്ക്‌ രാജ്യങ്ങളിൽനിന്ന്‌ കേരളത്തിലെത്തി കോവിഡ്‌ പോസിറ്റീവായവരുടെ സാമ്പിളുകൾ ജനിതക ശ്രേണീകരണത്തിന്‌ കൃത്യമായി അയക്കുന്നുണ്ടെന്ന്‌ മന്ത്രി പറഞ്ഞു. നിലവിൽ റിസ്ക്‌ രാജ്യങ്ങളിൽനിന്നെത്തിയ മൂന്ന്‌ പേർ പോസിറ്റീവായി. അവരുടെ ജനിതക ശ്രേണീകരണ ഫലം നെഗറ്റീവാണ്‌. Read on deshabhimani.com

Related News