14,160 കിലോ അരിയും 80 കിലോ ഗോതമ്പും പിടിച്ചു



പാലക്കാട്‌ തമിഴ്‌നാട്‌ റേഷനരി അതിർത്തിവഴി വ്യാപകമായി കടത്തുന്നുവെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിവിൽ സപ്ലൈസ്‌ വകുപ്പ്‌ പരിശോധന കർശനമാക്കി. പാലക്കാട്‌ താലൂക്ക്‌ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ രേഖകളും കൃത്യമായ തൂക്കവുമില്ലാതെ സൂക്ഷിച്ച അരിയും ഗോതമ്പും പിടിച്ചെടുത്തു.  189 ചാക്കിലായി 9276 കിലോ പുഴുക്കലരി, 72 ചാക്കിൽ 3481 കിലോ പച്ചരി, 33 ചാക്കിൽ 1403 കിലോ മട്ടയരി എന്നിങ്ങനെ 14,160 കിലോ അരിയും രണ്ട്‌ ചാക്കിലായി 80 കിലോ ഗോതമ്പുമാണ്‌ പിടിച്ചെടുത്തത്‌. കൊടുമ്പ്‌ കനാൽ പാലത്തിനു സമീപത്തുള്ള സ്വകാര്യസ്ഥാപനത്തിൽനിന്നാണ്‌ അരിയും ഗോതമ്പും പിടിച്ചത്‌. സ്ഥാപനത്തിന്റെ പഞ്ചായത്ത്‌ ലൈസൻസ്‌ കാലഹരണപ്പെട്ടതാണ്‌.  എഫ്‌എസ്‌എസ്‌എ ലൈസൻസും ഇല്ല. പിടിച്ചെടുത്ത അരിയും ഗോതമ്പും സപ്ലൈകോയുടെ കഞ്ചിക്കോട്ടെ എൻഎഫ്‌എസ്‌എ ഗോഡൗണിൽ സൂക്ഷിക്കും.  ഇവ പൊതുവിതരണ ശൃംഖലവഴി വിറ്റഴിച്ച്‌ തുക സർക്കാരിന്‌ കൈമാറുമെന്ന്‌ ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. Read on deshabhimani.com

Related News